ഗർഭനിരോധന ഉറകൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി ചൈന

ബെയ്ജിങ് : ഗർഭനിരോധന ഉറകൾക്കും മരുന്നുകൾക്കും മൂല്യവർധിതനികുതി (വാറ്റ്) ഏർപ്പെടുത്താനുള്ള നീക്കവുമായി ചൈന. ജനസംഖ്യാച്ചുരുക്കം നേരിടുന്ന സാഹചര്യത്തിൽ ചൈനീസ് കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കൂട്ടുക ലക്ഷ്യമിട്ടാണ് പദ്ധതി. ജനുവരി ഒന്നിന് നികുതി പ്രാബല്യത്തിൽവരും.
അതിൻപ്രകാരം കോണ്ടങ്ങൾക്ക് മുൻപുണ്ടായിരുന്ന 13 ശതമാനം വാറ്റ് നൽകേണ്ടിവരും. മൂന്നുപതിറ്റാണ്ടുമുൻപ് കുടുംബാസൂത്രണം പ്രോത്സാഹിപ്പിച്ച് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഒഴിവാക്കിയതായിരുന്നു ഈ നികുതി.
ജനസംഖ്യ പെരുകിയതോടെ 1980 മുതൽ 2015 വരെയുള്ള കാലയളവിൽ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ചൈനയിൽ ‘ഒറ്റക്കുട്ടിനയം’ നടപ്പാക്കി. ലംഘിക്കുന്നവർ ഭീമൻ പിഴയടയ്ക്കണമായിരുന്നു. ചിലപ്പോൾ നിർബന്ധിത ഗർഭച്ഛിദ്രത്തിനുപോലും വിധേയരാകേണ്ടിവന്നു.
എന്നാൽ, ജനസംഖ്യ കുറയാൻ തുടങ്ങിയതോടെ 2015-ൽ സർക്കാർ നയം തിരുത്തി രണ്ടുകുട്ടികളാകാമെന്ന വ്യവസ്ഥകൊണ്ടുവന്നു. 2021-ൽ അത് മൂന്നാക്കി ഉയർത്തി. എന്നിട്ടും പ്രയോജനമില്ലാതായതോടെ, കുട്ടികളെ വളർത്തുന്നതിന് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.
അതുകൊണ്ടും കാര്യമായ ഗുണം കാണാത്തതിനാലാണ് ഗർഭനിരോധന വസ്തുക്കൾക്ക് നികുതിയേർപ്പെടുത്തുന്നത്. നികുതിയുണ്ടായാലും കോണ്ടം ഉപയോഗിക്കുന്നതാണ് കുട്ടികളെ വളർത്തുന്നതിനെക്കാൾ നല്ലതെന്ന് ചില യുവാക്കൾ സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചു. അതേസമയം, ഗർഭനിരോധന സാമഗ്രികൾക്ക് വിലകൂടുന്നത് താത്പര്യമില്ലാതെയുള്ള ഗർഭധാരണം വർധിക്കുന്നതിനും ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ കൂടുന്നതിനും കാരണമാകുമെന്ന ആശങ്കയുമുണ്ട്.



