അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി ജാപ്പനീസ് ജഡ്ജി യുജി ഇവാസാവയെ തെരഞ്ഞെടുത്തു

ഹേഗ് : അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി ജാപ്പനീസ് ജഡ്ജി യുജി ഇവാസാവയെ തെരഞ്ഞെടുത്തു. മുൻഗാമിയായ നവാഫ് സലാം ജനുവരിയിൽ രാജിവച്ചതിനെത്തുടർന്നാണ് പുതിയ ജഡ്ജിയെ നിയമിച്ചത്. സലാമിന്റെ കാലാവധി പൂർത്തിയാവുന്ന 2027 ഫെബ്രുവരി 5 വരെ ഇവാസാവ സേവനമനുഷ്ഠിക്കുമെന്ന് ഐ.സി.ജെ അറിയിച്ചു. ലെബനാന്‍ പ്രസിഡന്റ് ജോണ്‍ കൗൻ പ്രധാനമന്ത്രിയായി നവാഫ് സലാമിനെ നിയമിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഐ.സി.ജെയില്‍ നിന്ന് രാജിവെച്ചത്.
കോടതിയിൽ ചേരുന്നതിന് മുമ്പ് ടോക്കിയോ സർവകലാശാലയിൽ അന്താരാഷ്ട്ര നിയമ പ്രഫസറായിരുന്നു ഇവാസാവ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ അധ്യക്ഷനായിരുന്നു. 2018 ജൂൺ മുതൽ ഇദ്ദേഹം ഐ.സി.ജെയിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഐ.സി.ജെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ജാപ്പനീസ് ജഡ്ജിയാണ് ഇവാസാവയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഐ.സി.ജെയുടെ പ്രധാന ജുഡീഷ്യൽ ഭാഗമായ ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് 1945 ലാണ് സ്ഥാപിതമായത്. നെതർലാൻഡ്‌സിലെ ഹേഗിലാണ് ആസ്ഥാനം. 9 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 15 ജഡ്ജിമാർ ഉൾപ്പെടുന്ന സമിതിയാണ് ഇത്.
നിലവില്‍ ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസാണ് പ്രധാനമായും ഐ.സി.ജെയുടെ പരിഗണനയിലുള്ളത്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള ലെബനാന്റെ പരാതിയും 2022ലെ അധിനിവേശവുമായി ബന്ധപ്പെട്ട് യുക്രൈനും റഷ്യയും തമ്മിലുള്ള കേസും ഐ.സി.ജെയുടെ പരിഗണനയിലുള്ളവയാണ്.