മീൻ കഴിക്കുമ്പോളുള്ള അപകട സാധ്യത തടയാൻ ചെറിയ മുള്ളുകലില്ലാത്ത മത്സ്യത്തെ വികസിപ്പിച്ച് ചൈന

ബെയ്ജിംഗ് : മീൻ കഴിക്കുമ്പോൾ ചെറിയ മുള്ളുകൾ ഉണ്ടാകുന്ന അപകട സാധ്യത തടയാൻ മുള്ളില്ലാ മത്സ്യത്തെ വികസിപ്പിച്ച് ചൈന. വർഷങ്ങളുടെ ഗവേഷണത്തിനൊടുവിലാണ് കാർപ് ഇനത്തിൽ മുള്ളില്ലാത്ത മത്സ്യത്തെ ചൈന വികസിപ്പിച്ചെടുത്തിരിക്കുന്നത്. ജിബെൽ കാർപ് ഇനത്തിലുള്ള മീനിനെയാണ് ചൈന വികസിപ്പിച്ചെടുത്തത്. കാർപ് മത്സ്യം ചൈനയിൽ ഏറെയുള്ള ഇനം ശുദ്ധ ജല മത്സ്യമാണ്. എന്നാൽ ഈ മത്സ്യത്തെ പാകം ചെയ്ത് കഴിക്കുമ്പോൾ നേരിടുന്ന വെല്ലുവിളിയാണ് ഇതിലെ ചെറുമുള്ളുകൾ. ഇൻ്റർ മസ്കുലാർ ബോൺസ് എന്ന ചെറുമുള്ളുകളാണ് കാർപ് മീൻ കഴിക്കുമ്പോൾ അപകട സാധ്യത സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരമായി ചെറുമുള്ളുകൾ ഇല്ലാത്ത ഇനം കാർപ് മത്സ്യത്തൊണ് ചൈന ജനിതക മാറ്റത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയൻസ് ആണ് കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. പ്രമുഖ ഗവേഷകൻ ഗൂയി ജിയാൻഫാംഗിന്റെ നേതൃത്വത്തിലെ ഗവേഷക സംഘമാണ് സോംഗ്കെ നമ്പർ 6 എന്നയിനം കാർപിനെ സൃഷ്ടിച്ചിരിക്കുന്നത്. ചെറുമുള്ളുകളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ജീനിൽ മാറ്റം വരുത്തിയാണ് ഈ നേട്ടം ചൈന കൈവരിച്ചിട്ടുള്ളത്. മീനിൽ വൈ അക്ഷരത്തിന് സമാനമായ മുള്ളുകളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ജീനിനെ തിരിച്ചറിയുകയാണ് ഇതിനായി ഗവേഷകർ ആദ്യം ചെയ്തത്. അതിസങ്കീർണമായ ജനിതക മാപ്പിംഗിലൂടെ ആർയുഎൻഎക്സ്2ബി എന്ന ജീനിനെ തിരിച്ചറിഞ്ഞു.
ഭ്രൂണാവസ്ഥയിൽ തന്നെ മീനിലെ ഈ ജീനിന്റെ വളർച്ച നിർത്തുകയായിരുന്നു അടുത്ത ഘട്ടം. ഇതോടെ മീനിലെ പ്രധാന അസ്ഥികൂടം സാധാരണ രീതിയിൽ വളരുകയും ഇൻ്റർ മസ്കുലാർ ബോൺസിന്റെ വളർച്ച അവസാനിക്കുകയും ചെയ്തു.ഇത്തരത്തിൽ നേർത്ത മുള്ളുകൾ തീരെ ഇല്ലാത്ത പുതിയ ഇനം കാർപ്പ് പിറവിയെടുത്തുവെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. സാധാരണ കാർപ് മത്സ്യങ്ങളിൽ 80ൽ ഏറെ ചെറുമുള്ളുകൾ കാണാറുണ്ട്. ശ്രദ്ധയോടെ കഴിച്ചില്ലെങ്കിൽ ഇവ തൊണ്ടയിൽ കുടുങ്ങി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് സർവ്വസാധാരണമാണ്. കുറഞ്ഞ തീറ്റയിൽ പുതിയ ഇനം കാർപ് കൂടുതൽ വിളവ് നൽകുമെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയൻസ് അവകാശപ്പെടുന്നത്. വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം ലക്ഷ്യമിട്ടാണ് സോംഗ്കെ നമ്പർ 6 നെ ചൈനീസ് അക്കാദമി ഓഫ് സയൻസ് സൃഷ്ടിച്ചിരിക്കുന്നത്. ജനിതക കണ്ടുപിടിത്തങ്ങളിലൂടെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ചൈനീസ് അക്കാദമി ഓഫ് സയൻസ് പ്രിസിഷൻ സീഡ് ഡിസൈൻ ആൻഡ് ക്രിയേഷൻ എന്ന പദ്ധതിയുടെ ഭാഗമായി 6 വർഷം നീണ്ടുനിന്ന ഗവേഷണത്തിലൂടെയാണ് ചൈന ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട മറ്റ് ശുദ്ധ ജല മത്സ്യങ്ങളിലും സമാനമായ പരീക്ഷണങ്ങൾ നടത്താനുള്ള നീക്കത്തിലാണ് ചൈനീസ് അക്കാദമി ഓഫ് സയൻസുള്ളത്.



