50 വര്‍ഷത്തിനിടെ ആദ്യം; ദാല്‍ തടാകത്തില്‍ ഐസ് കട്ടകള്‍ നിറഞ്ഞു, ‘ചില്ലായ് കലാനി’ല്‍ തണുത്ത് വിറച്ച് ശ്രീനഗര്‍
ശ്രീനഗര്‍ : അതികഠിനമായ തണുപ്പനുഭവപ്പെടുന്ന ‘ചില്ലായ് കലാനി’ല്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. 50 വര്‍ഷത്തിനിടെ ഡിസംബറില്‍ അനുഭവപ്പെടുന്ന ഏറ്റവും തണുത്ത കാലാവസ്ഥയാണിത്.
കശ്മീരില്‍ 40 ദിവസം നീണ്ടുനില്‍ക്കുന്ന ഏറ്റവും അതിശക്തമായ ശൈത്യകാലമാണ് ചില്ലായ് കലാന്‍. ശ്രീനഗറില്‍, കഴിഞ്ഞ രാത്രിയില്‍ മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന താപനില വെള്ളിയാഴ്ച രാത്രിയോടെ മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീനഗറിലെ താഴ്വരകളിലും സമാന രീതിയില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു.
കടുത്ത തണുപ്പ് കാരണം പ്രശസ്തമായ ദാല്‍ തടാകത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ജലാശയങ്ങളും പല പ്രദേശങ്ങളിലും ജലവിതരണ പൈപ്പുകളും ഐസ് കട്ടകളാല്‍ നിറഞ്ഞു. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പുകളിലൊന്നായ ദക്ഷിണ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ കുറഞ്ഞത് മൈനസ് 8.6 ഡിഗ്രി സെല്‍ഷ്യസും പ്രശസ്തമായ സ്‌കീ റിസോര്‍ട്ടായ ഗുല്‍മാര്‍ഗില്‍ കുറഞ്ഞത് മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
1974 ന് ശേഷമുള്ള ശ്രീനഗറിലെ ഏറ്റവും തണുപ്പുള്ള ഡിസംബര്‍ രാത്രിയാണിത്. അന്ന് മൈനസ് 10.3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തിയിരുന്നു.