ദേശീയം

ഇന്ത്യയിലെ കാൻസർ ബാധിതരായ പകുതിയിലേറെ കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നു; റിപ്പോർട്ട്

ഇന്ത്യയിൽ വര്‍ധിച്ചുവരുന്ന പോഷകാഹാരക്കുറവു കുട്ടികളിലെ കാന്‍സര്‍ ചികിത്സയെ സാരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഡിൽസ് ഫൗണ്ടേഷന്‍റെ ഫുഡ് ഹീൽസ് റിപ്പോർട്ട് 2024 പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം ഏതാണ്ട് 76000 കുട്ടികളാണ് പുതിയതായി രോഗ നിര്‍ണയം നടത്തുന്നത്. ഇതില്‍ 51 മുതല്‍ 67 ശതമാനം കുട്ടികളിലും പോഷകാഹാരക്കുറവ് കണ്ടെത്തുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുട്ടികളിലെ വ്യാപകമായ പോഷകാഹാരക്കുറവ് കാന്‍സര്‍ ചെറുക്കാനുള്ള അവരുടെ കഴിവ് നഷ്ടപ്പെടുത്തുന്നു. ഇത് സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുകയും അണിബാധയ്ക്കും മികച്ച ചികിത്സാഫലം ലഭിക്കുന്നത് തടയാനും കാരണമാകും. ഫലപ്രദമായ കാന്‍സര്‍ ചികിത്സയ്ക്ക് പോഷകാഹാരക്കുറവ് ഒരു പ്രധാന തടസ്സമായി തുടരുന്നു. രാജ്യത്ത് കാന്‍സര്‍ ബാധിതരായ ആയിരക്കണക്കിന് കുട്ടികളുടെ അതിജീവന നിരക്കും ജീവിത നിലവാരവും പോഷകമില്ലായ്മ കാരണം വിട്ടുവീഴ്ച ചെയ്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതുതായി രോഗനിർണയം നടത്തുന്ന ഓരോ പീഡിയാട്രിക് കാൻസർ രോഗികളിലും 65% കുട്ടികള്‍ക്കും ദിവസേന ആവശ്യമായ കലോറിയുടെയും പ്രോട്ടീനിൻ്റെയും അളവില്‍ പകുതിയിൽ താഴെ മാത്രമാണ് ലഭ്യമാകുന്നത്. ഇത് കാന്‍സര്‍ ചികിത്സയെ നേരിടാന്‍ മതിയാകില്ല. വിശപ്പില്ലായ്മ, ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മയൊക്കെ കുട്ടികളിലെ ഈ പോഷകഹാരക്കുറവിലേക്കു നയിക്കുന്നുണ്ട്. ഇത്തരം കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള ചികിത്സ ആരംഭിക്കുന്നത് ബുദ്ധിമുട്ടും വെല്ലുവിളിയും നിറഞ്ഞതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളില്‍ രോഗനിർണയം മുതൽ വീണ്ടെടുക്കൽ വരെയുള്ള കാൻസർ ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പോഷകാഹാര പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്.

കൂടാതെ ഇന്ത്യയിലെ ആശുപത്രികളിൽ പ്രത്യേക പോഷകാഹാര വിദഗ്ധരുടെ കുറവും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കാൻസർ ആശുപത്രികൾ പോഷകാഹാര-രോഗി അനുപാതം എന്നത് 1:54 ആണ്. ഇത് ഫലപ്രദമായ ചികിത്സ രീതിക്ക് മതിയാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാര സേവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും പോഷകാഹാര വിദഗ്ധർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും പീഡിയാട്രിക് ഓങ്കോളജി പരിചരണത്തിൽ ഘടനാപരമായ ന്യൂട്രീഷൻ കെയർ പ്രോസസുകൾ (എൻസിപി) സ്ഥാപിക്കുന്നതിനും ഉടനടി നടപടി ഉണ്ടാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button