കേരളം

‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന അവസരത്തില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപംകൊണ്ടതിന്റെ ഓര്‍മ പുതുക്കുന്ന ഈ വേളയില്‍ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’ എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്. വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാന്‍ ഭക്ഷണമില്ലാത്ത, താമസിക്കാന്‍ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്‍പോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിത്.

സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button