2016 മുതല്‍ കേരളത്തില്‍ മാറ്റങ്ങളുടെ കാലം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 മുതല്‍ മാറി. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന സ്ഥിതി മാറി. കേരളം വ്യവസായ നിക്ഷേപ സൗഹൃമല്ലെന്ന ആക്ഷേപം മാറി. 2016 മുതല്‍ കേരളത്തില്‍ മാറ്റങ്ങളുടെ കാലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ വന്‍ നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 ല്‍ നിന്ന് ആറായിരത്തിലധികമായി മാറി. തൊഴിലവസരങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചു. ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചത് വനിതകളാണ്. ഐടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതി സംസ്ഥാനത്തുണ്ടായി.
ഉന്നത വിദ്യാഭ്യാസമേഖല മികവിന്റെ ഹബ്ബായി മാറി. സംസ്ഥാനത്ത് ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി എന്നിവ നടപ്പായി. 2028 ല്‍ വിഴിഞ്ഞം പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യരംഗം വെന്റിലേറ്ററിലായിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യരംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു. ആര്‍ദ്രം മിഷനിലൂടെ ഇടതുസര്‍ക്കാര്‍ അതെല്ലാം മാറ്റിയെടുത്തു. ആരോഗ്യരംഗത്തെ ബജറ്റു വിഹിതം മൂന്നിരട്ടിയായി ഉയര്‍ത്തി.
2016 ല്‍ ഇടതുസര്‍ക്കാര്‍ വരുമ്പോള്‍ കാര്‍ഷിക മേഖല തകര്‍ന്നു കിടക്കുകയായിരുന്നു.നെല്‍കൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞു.യുവാക്കളെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. നാളികേരത്തിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള തുക 600 കോടിയായി ഉയര്‍ത്തി. ക്ഷീരകാര്‍ഷിക മേഖലയിലും മികച്ച ഇടപെടല്‍ ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
63 ലക്ഷം പേര്‍ക്ക് സാമൂഹ്യ പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. യുഡിഎഫ് സര്‍്കകാരിന്റെ കാലത്ത് നല്‍കിയിരുന്ന പെണ്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് ഇടതു സര്‍ക്കാര്‍ 1600 രൂപയായി വര്‍ധിപ്പിച്ചു. പാവപ്പെട്ടവര്‍ക്കായി നാലര ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഫിഷറീസ് മേഖലയിലും 12,400ന് മുകളില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കി. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. വ്യാജ പ്രചാരണങ്ങള്‍ക്ക് വലിയ ആയുസ്സുണ്ടാകില്ല. ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.