കേരളം

കൊടുവള്ളി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

തലശേരി : തടസമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ 60 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനായി 2028 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 1800 കോടി രൂപ കിഫ്ബി വഴിയാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി നിയോജക മണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ റോഡ് ഗതാഗതത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ മേല്‍പാലങ്ങള്‍ ഒഴിച്ചുകൂടാത്തതാണ്. ആ കാഴ്ചപ്പാടോടെയാണ് ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന ഒരു ഭരണ സംവിധാനമാണ് കേരളത്തിലുള്ളത്. അതില്‍ ജനങ്ങളുടെ വിശ്വാസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമല്ല അവ കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കുകയാണ് സര്‍ക്കാര്‍. ജനവിശ്വാസം അല്‍പം പോലും മുറിയാതെ കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലശ്ശേരിക്കാരുടെ ചിരകാല അഭിലാഷമാണ് കൊടുവള്ളി മേല്‍പ്പാലത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. വലിയതോതിലുള്ള തടസ്സങ്ങള്‍ ഉണ്ടായിരുന്ന റെയില്‍വേ മേല്‍പ്പാലം എങ്ങനെ യാഥാര്‍ത്ഥ്യമാക്കും എന്നത് ഗൗരവമായി പരിശോധിച്ചതിന്റെ ഭാഗമായാണ് ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാകും വിധം പദ്ധതി പൂര്‍ത്തിയായത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമുള്ളത്ര പണം നമ്മുടെ കൈയില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാന ഖജനാവ് അത്തരത്തില്‍ ശേഷിയുള്ള ഒന്നായിരുന്നില്ല. എന്നാല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധം വികസനത്തിന്റെ പുതിയ മാറ്റങ്ങള്‍ കണ്ടെത്തണമെന്ന ആലോചനയില്‍ നിന്നാണ് കിഫ്ബി പുനര്‍ജീവിപ്പിച്ചത്.

ഇന്ത്യന്‍ റെയില്‍വേയുടേയും കിഫ്ബിയുടെയും സഹായത്തോടെ 36.77 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിട്ടത്. 26.31 കോടി രൂപ സംസ്ഥാന വിഹിതവും 10 കോടി രൂപ റെയില്‍വേ വിഹിതവുമാണ്. 16.25 ലക്ഷം രൂപ സ്ഥലമെടുപ്പിന് മാത്രം ചെലവിട്ടു. 123.6 സെന്റ് സ്ഥലം 27 പേരില്‍ നിന്നും ഏറ്റെടുത്തു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പലതരത്തിലും പ്രയാസമുണ്ടായിരുന്നു. പദ്ധതി നാടിന് ഉപകാരപ്രദമാണെങ്കിലും ചിലര്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിസന്ധികളെ മറികടന്ന് സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചര്‍ മാതൃക ഉപയോഗിച്ചിട്ടാണ് റെയില്‍വേ ഗെയിറ്റിന് മുകളിലൂടെ 314 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മ്മിച്ചിട്ടുള്ളത്. 10.05 മീറ്റര്‍ വീതിയാണ് ഈ പാലത്തിനുള്ളത്. പൈല്‍, പൈല്‍ ക്യാപ്പ് എന്നിവ കോണ്‍ക്രീറ്റും പിയര്‍, പിയര്‍ ക്യാപ്പ്, ഗര്‍ഡര്‍ എന്നിവ സ്റ്റീലും, ഡെക് സ്മാബ് കോണ്‍ക്രീറ്റുമായാണ് നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. ഈ മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം നിര്‍മാണം പൂര്‍ത്തിയാക്കിയ 147 ാമത് പാലമാണ് കൊടുവള്ളിയിലെ റെയില്‍വേ മേല്‍പ്പാലമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷം 100 പാലമെന്ന ലക്ഷ്യം മൂന്നുവര്‍ഷവും എട്ട് മാസവും കൊണ്ട് പൂര്‍ത്തിയാക്കി. 200 പാലം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിയമസഭ സ്പീക്കര്‍ അഡ്വ. എ. എന്‍ ഷംസീര്‍ വിശിഷ്ടാതിഥിയായി. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. നാടിന്റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാന്‍ ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. തലശ്ശേരിക്ക് ആകെ ലഭിച്ച അംഗീകാരമാണിതെന്നും സ്പീക്കര്‍ പറഞ്ഞു.

ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറും മന്ത്രി പി എ മുഹമ്മദ് റിയാസും തുറന്ന വാഹനത്തില്‍ പാലത്തിലൂടെ സഞ്ചരിച്ചു. തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം.ജമുനാറാണി ടീച്ചര്‍, നഗരസഭ കൗണ്‍സിലര്‍ ടികെ സാഹിറ, ആര്‍ബിഡിസി.കെ. മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, ആര്‍ബിഡിസികെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ദേവേശന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സി കെ രമേശന്‍, സജീവ് മാറോളി, സിപി ഷൈജന്‍, അഡ്വ. കെ.എ. ലത്തീഫ്, കെ. സുരേശന്‍, സന്തോഷ് വി. കരിയാട്, ബി. പി. മുസ്തഫ, കെ.മനോജ് വി കെ. ഗിരിജന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button