തിരുവനന്തപുരം മെട്രോ റെയില്‍ : ആദ്യഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രിയുടെ അംഗീകാരം

തിരുവനന്തപുരം : തലസ്ഥാനത്തെ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യഘട്ട അലൈന്മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആർ.എൽ) മുഖേനയാണ് പദ്ധതി നടപ്പാക്കുക.
പാപ്പനംകോടുനിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്നതാണ് നിർദിഷ്ട മെട്രോ പാത. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍.
തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതിവേഗം വളരുന്ന തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് മെട്രോ റെയില്‍ പദ്ധതി ഗതിവേഗം പകരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
അതേസമയം പദ്ധതിയുടെ അന്തിമ രൂപരേഖക്ക് അനുമതി നൽകേണ്ടത് കേന്ദ്ര സർക്കാറാണ്. ഇതിനായി രൂപരേഖയിലെ നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കും. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയാണ് ആദ്യം ആലോചിച്ചിരുന്നത്. ഇതിനായി പ്രാഥമിക സർവേ നടപടികളും നടന്നിരുന്നു. എന്നാൽ, യാത്രക്കാരുടെ എണ്ണം ഉൾപ്പെടെ പരിഗണിക്കുമ്പോൾ തലസ്ഥാനത്തും മെട്രോ സർവിസിന് അനുമതി ലഭിക്കുമെന്നാണ് സംസ്ഥാനത്തെ മെട്രോ പദ്ധതികളുടെ ചുമതല വഹിക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) വിലയിരുത്തൽ.
തിരുവനന്തപുരത്തിനായി സമഗ്ര ഗതാഗത പദ്ധതി തയാറാക്കിയിരുന്നു. ഈ പഠനമനുസരിച്ച് 2051ൽ ഏറ്റവും തിരക്കുള്ള സമയത്ത് മണിക്കൂറിൽ ഒരു വശത്തേക്കുള്ള റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 19,747 ആയിരിക്കുമെന്നായിരുന്നു കണ്ടെത്തൽ. ഈ കണക്കുകൾ മെട്രോ നയമനുസരിച്ച് വിലയിരുത്തുമ്പോൾ സാധാരണ മെട്രോ സർവിസിനുതന്നെ അനുമതി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
സമഗ്ര ഗതാഗത പദ്ധതിയുടെ അടിസ്ഥാനത്തിൽ രണ്ട് റൂട്ടുകളാണ് തിരുവനന്തപുരം മെട്രോക്ക് നിർദേശിച്ചിരിക്കുന്നത്. ടെക്നോ സിറ്റി മുതൽ നേമം വഴി പള്ളിച്ചൽ വരെയുള്ള 27.4 കിലോമീറ്ററാണ് ഇതിലൊന്ന്. കഴക്കൂട്ടം മുതൽ ഈഞ്ചക്കൽ വഴി കിള്ളിപ്പാലം വരെയുള്ള 14.7 കിലോമീറ്റർവരെയുള്ളതാണ് രണ്ടാമത്തേത്. ഈഞ്ചക്കൽ മുതൽ കിള്ളിപ്പാലം വരെ ഭൂമിക്കടിയിലൂടെയുള്ള പാതയും നിർദിഷ്ട പദ്ധതിയിലുണ്ട്. രണ്ട് കോറിഡോറുകളിലായി 37 സ്റ്റേഷനുകൾ വരും. പള്ളിപ്പുറത്താണ് മെട്രോയുടെ യാർഡ് വിഭാവനം ചെയ്യുന്നത്.
സ്റ്റേഷനുകൾക്കാവശ്യമായ സ്ഥലമുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രാഥമിക ചർച്ചകൾ നടന്നു. കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരവും കോഴിക്കോടുമാണ് പരിഗണനയിലുണ്ടായിരുന്നത്. കോഴിക്കോട് മെട്രോയുമായി ബന്ധപ്പെട്ട് സമഗ്ര ഗതാഗത പദ്ധതിയുടെ കരടുരേഖ തയാറായതേയുള്ളൂ. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പണിയുന്നതിന് 6728 കോടിയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, സർക്കാർ പിന്നീട് ഭരണാനുമതി തിരുത്തുകയും ചെലവ് 7,446 കോടിയായി പരിഷ്കരിക്കുകയും ചെയ്തു.
തിരുവനന്തപുരം നഗരത്തിൽ മെട്രോ റെയിൽ പദ്ധതിക്കുള്ള പ്രവർത്തനങ്ങൾ ഈ വർഷം തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം 2025-26 സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. തെക്കൽ കേരളത്തിൽ കപ്പൽശാല ആരംഭിക്കാൻ കേന്ദ്ര സർക്കാറിന്റെ സഹകരണം തേടുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.



