ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; ഇന്ന് പ്രത്യേക ബെഞ്ച് ചേരും
ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു. സുപ്രീംകോടതിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്. ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കും. അതിനായി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പ്രത്യേക ബെഞ്ച് ചേരും.
നവംബര്‍ 10 വരെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ഔദ്യോഗികമായി കാലാവധിയുള്ളത്. അടുത്ത ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നവംബര്‍ 11 മുതല്‍ 2025 മെയ് 13 വരെ സഞ്ജീവ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ കാലാവധിയുണ്ട്.
ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടിയ ഡി വൈ ചന്ദ്രചൂഡ്, ഡൽഹി സർവകലാശാലയിലെ നിയമ ഫാക്കൽറ്റിയിൽ നിന്നാണ് നിയമത്തിൽ ബിരുദം നേടിയത്. അഭിഭാഷകനായി കരിയർ ആരംഭിച്ച ചന്ദ്രചൂഡ്, 2000 മാർച്ച് 29-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി.
2013 ഒക്ടോബർ 31-ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2016 മെയ് 13-ന് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. ചീഫ് ജസ്റ്റിസായിരുന്ന യു യു ലളിത് വിരമിച്ചതിനെത്തുടർന്ന് 2022 നവംബർ 9-ന് സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ചന്ദ്രചൂഡ് സ്ഥാനമേറ്റു.