അന്തർദേശീയം

അമ്പിളിക്കല തൊട്ട് ഇന്ത്യ! ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയം

ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി


139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച്‌ ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്‍റെ മണ്ണില്‍ കാലുകുത്തി.

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീര്‍ണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനില്‍ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.

2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയില്‍ നിന്നും എല്‍.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനില്‍ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.

40 ദിവസം കൊണ്ട് ആദ്യം ഭൂമിയുടെയും പിന്നീട് ചന്ദ്രന്‍റെയും ഭ്രമണപഥത്തില്‍ ചന്ദ്രയാൻ മൂന്ന് വലംവെച്ചു. ഭൂമിയെ 17 ദിവസം വലംവച്ച പേടകം ലാം എൻജിന്‍ ജ്വലിപ്പിച്ച്‌ അഞ്ച് തവണ ഭ്രമണപഥം വലുതാക്കി. ഇതോടെ ഭൂമിക്ക് 226 കിലോമീറ്റര്‍ അടുത്തും 41,603 കിലോമീറ്റര്‍ അകലെയുമായി വലംവെച്ചിരുന്ന പേടകത്തെ 1,27,609 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു.

ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ച പേടകത്തെ ആഗസ്റ്റ് ഒന്നിന് ലിക്വുഡ് പ്രൊപ്പല്‍ഷൻ എൻജിൻ പ്രവര്‍ത്തിപ്പിച്ച്‌ ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റി. തുടര്‍ന്നുള്ള നാലു ദിവസം ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെയായിരുന്നു പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്ര. ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ ആഗസ്റ്റ് അഞ്ചിനാണ് ചന്ദ്രയാൻ മൂന്ന് പ്രവേശിച്ചത്.

തുടര്‍ന്ന് 164 കിലോമീറ്റര്‍ അടുത്തും 18074 കിലോമീറ്റര്‍ അകലെയുമുള്ള ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പേടകം വലംവെക്കാൻ തുടങ്ങി. ഇതിനിടെ ചന്ദ്രന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പേടകത്തിലെ കാമറ പകര്‍ത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഘട്ടംഘട്ടമായി പേടകത്തിന്‍റെ ഭ്രമണപഥം താഴ്ത്തി. ഇതോടെ 17 ദിവസം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ വലംവെച്ച ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്‍റെ 153 കിലോമീറ്റര്‍ അടുത്തെത്തി.

33 ദിവസങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 17ന് പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് ലാൻഡര്‍ മൊഡ്യൂള്‍ വേര്‍പെട്ടു. തുടര്‍ന്ന് പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ ഒറ്റക്ക് ചന്ദ്രനെ വലംവെക്കുന്നത് തുടരുകയും ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ശ്രമവും തുടങ്ങി. ചന്ദ്രനില്‍ ഇറങ്ങുന്നതിനായി ലാൻഡറിന്‍റെ വേഗത കുറക്കുന്ന ഡീ ബൂസ്റ്റിങ് പ്രക്രിയ ആഗസ്റ്റ് 18നും 20നും നടന്നു. ഇതോടെ ലാൻഡര്‍ 25 കിലോമീറ്റര്‍ അടുത്തും 134 കിലോമീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലെത്തി.

ആഗസ്റ്റ് 23ന് ഭ്രമണപഥത്തില്‍ ചന്ദ്രന് ഏറ്റവും അടുത്തെത്തിയതോടെ ചന്ദ്രന് തിരശ്ചീനമായി സഞ്ചരിച്ച ലാൻഡര്‍ മൊഡ്യൂളിനെ ത്രസ്റ്റര്‍ എൻജിനുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ ലംബമാക്കി മാറ്റി. തുടര്‍ന്ന് മൊഡ്യൂളിലെ ത്രസ്റ്റര്‍ എൻജിനുകള്‍ എതിര്‍ ദിശയില്‍ ജ്വലിപ്പിച്ച്‌ വേഗം നിയന്ത്രിച്ച്‌ ലാൻഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിങ് (മൃദു ഇറക്കം) നടത്തി.

ഭൂമിയിലെ 14 ദിവസത്തിന് സമാനമാണ് ഒരു ചാന്ദ്രദിനം. സൗരോര്‍ജത്തില്‍ 738 വാട്ട്സിലും 50 വാട്ട്സിലും പ്രവര്‍ത്തിക്കുന്ന ലാൻഡറിന്‍റെയും റോവറിന്‍റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. ഈ 14 ദിവസമാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ലാൻഡറും റോവറും പരീക്ഷണം നടത്തുക.

2008ലും 2019ലും രണ്ട് ചാന്ദ്രാദൗത്യങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഒ നേതൃത്വം നല്‍കിയിട്ടുണ്ട്. 100 ശതമാനം വിജയമായിരുന്ന ചന്ദ്രയാൻ ഒന്ന് ദൗത്യത്തിലൂടെ ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ ശാസ്ത്രലോകത്തിന് ലഭിച്ചു. സോഫ്റ്റ് ലാൻഡിങ് പരാജയം മാറ്റിനിര്‍ത്തിയാല്‍ 95 ശതമാനം വിജയമാണ് ചന്ദ്രയാൻ രണ്ട് ദൗത്യം സമ്മാനിച്ചത്. ചന്ദ്രന്‍റെ 100 കിലോമീറ്റര്‍ ചുറ്റളവില്‍ വലംവെച്ച ചന്ദ്രയാൻ രണ്ട് ഓര്‍ബിറ്റര്‍ ചന്ദ്രന്‍റെ ഏറ്റവും ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ശേഖരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button