കേരളത്തിന് 19,370 കോടി രൂപ അധികവായ്പ അനുവദിക്കാനാവില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: അധികമായി കടമെടുക്കുന്നതിന് അനുമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.
സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസെറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്. സംസ്ഥാനം 19,370 കോടി രൂപ അധികമായി വേണമെന്ന നിര്‍ദേശമാണ് മുന്നോട്ടു നച്ചത്. ഇക്കാര്യം ധനകാര്യവകുപ്പ് സെക്രട്ടറി പരിശോധിച്ചെങ്കിലും അതിനോട് യോജിക്കാന്‍ തയ്യാറായില്ലെന്ന് വേണു പറഞ്ഞു.
15,000 കോടി രൂപകൂടി കടമെടുക്കാൻ അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടപ്പോൾ കേരളവും കേന്ദ്രവും ഇന്നോ നാളയോ ചർച്ച നടത്തി വിഷയത്തിൽ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. തിങ്കളാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കും. കേരളത്തിനായി കപില്‍ സിബല്‍ ഹാജരാകും. ചര്‍ച്ചയിലെ തീരുമാനം സംസ്ഥാനം കോടതിയെ അറിയിക്കും.