കേരളം

ബിഹാറിനും ആന്ധ്രക്കും വാരിക്കോരി നൽകിയ കേന്ദ്രം കേരളത്തിനുനേരെ പുറംതിരിഞ്ഞു നിൽക്കുമ്പോൾ

തിരുവനന്തപുരം : ഏറ്റവുമധികം വോട്ട് ശതമാനവും ലോക്സഭയിലെ കന്നി എംപിയെയും സമ്മാനിച്ചിട്ടും കേരളത്തോട് ബിജെപിക്ക് ചിറ്റമ്മ നയം തന്നെ. സർക്കാരിനെ താങ്ങി നിർത്തുന്ന രണ്ടു കക്ഷികളുടെ സംസ്ഥാനങ്ങൾക്ക് അതായത് ബിഹാറിനും ആന്ധ്രയ്ക്കും നിര്‍മല സീതാരാമന്‍ വാരിക്കോരി കൊടുത്തപ്പോൾ കേരളത്തിനു നിരാശ മാത്രമാണ് ലഭിച്ചത് . ലോക്‌സഭയില്‍ ആദ്യമായി താമര വിരിഞ്ഞതിന്റെ സന്തോഷം ബജറ്റിലുണ്ടാകുമെന്നു കരുതിയെങ്കിലും നിരാശയായി ഫലം. ഒ രാജഗോപാൽ കേന്ദ്ര മന്ത്രി ആയപ്പോൾ ഒഴികെ ബിജെപി മന്ത്രിമാർ ആരും കേരളത്തെ സീരിയസ് ആയി പരിഗണിക്കുന്നില്ല എന്ന പരാതിക്ക് ഇക്കുറിയും മാറ്റമില്ല. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്, സില്‍വര്‍ ലൈന്‍, ഉയര്‍ന്ന ജിഎസ്ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി സംസ്ഥാനത്തിന്റെ ഒട്ടേറെ പ്രതീക്ഷകളാണ് വീണുടഞ്ഞത്.

രണ്ടു സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള ബജറ്റാണെന്നും കേരളം ഇന്ത്യയില്‍ അല്ലെന്ന മനോഭാവമാണ് കേന്ദ്രസര്‍ക്കാരിനെന്നുമുള്ള മന്ത്രി കെ.രാജന്റെ പ്രതികരണം യാഥാര്‍ഥ്യത്തോട് ഏറെ അടുത്തുനില്‍ക്കുന്നതാണ് , അല്ലങ്കിൽ അതാണ് യാഥാർഥ്യം. രണ്ട് സഹമന്ത്രിമാര്‍ സംസ്ഥാനത്തുനിന്ന് ഉള്ള സാഹചര്യത്തില്‍ ടൂറിസം രംഗത്തും റെയില്‍വേ രംഗത്തും വലിയ പ്രതീക്ഷകളാണ് കേരളത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. എല്ലാ വര്‍ഷവും ചോദിക്കും, ഒന്നും കിട്ടാറില്ല എന്ന പതിവ് ഇക്കുറിയും തെറ്റിച്ചില്ല കേന്ദ്രസര്‍ക്കാര്‍. ഇത്തവണ ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചയ്ക്കായി മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഡല്‍ഹിക്കു പോയി കേന്ദ്രമന്ത്രിയെ നേരില്‍ കണ്ടിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ കത്തായി തന്നെ നിര്‍മല സീതാരാമനു കൈമാറി. ഘടകകക്ഷികളുടെ സഹായത്തോടെ ഭരിക്കുന്ന മൂന്നാം മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് അനുകമ്പയോടെ പെരുമാറുമെന്നും കേരളം കരുതിയെങ്കിലും അത് ഒപ്പംനിന്ന രണ്ട് നേതാക്കളുടെ സംസ്ഥാനങ്ങളോടു മാത്രമായി ചുരുങ്ങി. ഘടകകക്ഷികളുടെ സംസ്ഥാനങ്ങളായ ആന്ധ്രയ്ക്കും ബിഹാറിനും നല്‍കുന്ന സഹായങ്ങളുടെ കൂട്ടത്തില്‍ മറ്റു സംസ്ഥാനങ്ങളെയും പരിഗണിക്കുമെന്നു കരുതിയെങ്കിലും അത്തരം ദയാദാക്ഷിണ്യങ്ങളൊന്നും ഉണ്ടായില്ല.

എയിംസ് എന്ന വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോളും കേന്ദ്ര സർക്കാർ ഇത്തവണയും പുറം തിരിഞ്ഞു. കോഴിക്കോട്ടെ കിനാലൂരിലാണ് എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികളായത്. ജില്ലയിൽ രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു എയിംസ്. ഒ. രാജഗോപാൽ കേന്ദ്ര മന്ത്രി ആയിരിക്കുമ്പോൾ ഒഴികെ കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി കോഴിക്കോട് എത്തിയപ്പോളും ഉയർന്ന പ്രധാന ചോദ്യം എയിംസ് സ്ഥാപിക്കുമോ എന്നായിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയാറായില്ല. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന പ്രകാരം 22 എയിംസുകൾ വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കാൻ അംഗീകാരം നൽകിയെങ്കിലും കേരളത്തെ അവഗണിച്ചു. ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ എയിംസിനായി മുറവിളികൂട്ടുന്നുവെങ്കിലും ഒന്നും ഫലം കാണുന്നില്ല.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്നു കത്തില്‍ നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ഉണ്ടായില്ല. പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടില്ലെന്നും കേരളത്തിന് ഒറ്റയ്ക്കു മുന്നോട്ടു പോകാനാകില്ലെന്നും കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പദ്ധതിയില്‍നിന്നു പിന്നോട്ടു പോകുന്നെന്ന സൂചനയായാണ് ഇതു വിലയിരുത്തപ്പെട്ടത്. എന്നാല്‍, മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സില്‍വര്‍ലൈന്‍ പരിഗണിക്കണമെന്നു സംസ്ഥാനം രേഖാമൂലം ആവശ്യപ്പെട്ടതു പദ്ധതി സജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജായിരുന്നു കേരളത്തിന്റെ മറ്റൊരു മുഖ്യ ആവശ്യം. 2022-23ലെയും 2023-24 ലെയും കടമെടുപ്പു പരിധി വെട്ടിക്കുറച്ചതു മൂലമുണ്ടായ നഷ്ടം നികത്താനാണ് ഈ പാക്കേജ്. എന്നാല്‍ ഇത് അവഗണിക്കപ്പെട്ടതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഇതിനു പുറമേ, ധനകാര്യ കമ്മിഷന്‍ ഗ്രാന്റിലെയും റവന്യു കമ്മി നികത്തല്‍ ഗ്രാന്റിലെയും കുറവും പരിഹരിക്കണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍വര്‍ഷങ്ങള്‍ എടുത്ത വായ്പയുടെ പേരില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും 5710 കോടി രൂപ വീതമാണ് വായ്പയില്‍ കുറയുന്നത്.

ദേശീയപാതാ വികസനത്തിനാവശ്യമായ ഭൂമിയേറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ 6,000 കോടി രൂപയും സംസ്ഥാനം നല്‍കേണ്ടി വരുന്നു. ഇവയെല്ലാം പരിഹരിക്കാനാണ് 24,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 5,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും കേരളത്തിന്റെ ആഗ്രഹപ്പട്ടികയിലുണ്ടായിരുന്നു. അതും പരിഗണിക്കപ്പെട്ടില്ല. 8,867 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിയില്‍ 5,595 കോടി രൂപ സംസ്ഥാനമാണ് വഹിക്കുന്നത്. ഇതു കൃത്യമായി കൊടുക്കാന്‍ കേരളത്തിനു കഴിയുന്നില്ല. 818 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതമായുള്ളത്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയില്‍വേ സംവിധാനങ്ങളുടെ നവീകരണം, എയിംസ്, റബറിന്റെ താങ്ങുവില ഉയര്‍ത്തല്‍ എന്നിവയും കേരളം ആവശ്യപ്പെട്ട പട്ടികയിലുണ്ടായിരുന്നെങ്കിലും നിരാശയാണ് ഫലം.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്രവിഹിതത്തിന്റെ കുടിശികയായ 3,686 കോടി രൂപ ലഭ്യമാക്കണമെന്നും ജിഎസ്ടി വിഹിതം കൂട്ടണം എന്നും കേരളം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ പിരിക്കുന്ന ജിഎസ്ടിയുടെ പകുതി കേന്ദ്രത്തിനും ബാക്കി പകുതി കേരളത്തിനുമാണു ലഭിക്കുന്നത്. എന്നാല്‍, ജിഎസ്ടി നടപ്പാക്കിയതിനു ശേഷം കേരളത്തിന്റെ നികുതി വരുമാന വളര്‍ച്ച ഉദ്ദേശിച്ചത്ര മുന്നേറാത്തതു ജിഎസ്ടി നികുതി സംവിധാനത്തിന്റെ പോരായ്മയാണെന്നാണു കേരളം വിലയിരുത്തുന്നത്. ഇതു കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനവും കേന്ദ്രത്തിനു 40 ശതമാനവും ജിഎസ്ടി ലഭിക്കുന്ന തരത്തില്‍ പരിഷ്‌ക്കരണം വേണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button