കേരളം

എങ്ങുമെത്താത്ത പുനഃസംഘടനയ്ക്ക് പിന്നാലെ തൃക്കാക്കര അങ്കത്തിലും കോണ്‍ഗ്രസില്‍ തമ്മിലടി; കെപിസിസി പ്രസിഡന്റിനെതിരെ ആക്ഷേപം


തിരുവനന്തപുരം: ഇപ്പോ ശെര്യാക്കിത്തരാം എന്ന് പറഞ്ഞാണ് കെ സുധാകരന്‍ കെപിസിസി അധ്യക്ഷന്റെ കസേരയിലിരുന്നത്.
എന്നാല്‍ നാളിതുവരെയായിട്ടും സ്വന്തം പാര്‍ടിക്കാരെ വെറുപ്പിക്കുകയല്ലാതെ കാര്യമായ യാതൊരു പുരോഗതിയും സംഘടനാതലത്തില്‍ ഉണ്ടാക്കാനായില്ല എന്നാണ് അണിയറയിലെ സംസാരം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പുന:സംഘടനയെ ശക്തമായി എതിര്‍ത്തതോടെ അത് നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവ് വിഡി സതീശനും കെ സുധാകരനും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്ട്, ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടന അല്ലെന്ന് സതീശന്‍ പറഞ്ഞതിനെ സുധാകരന്‍ പരസ്യമായി തള്ളി പറഞ്ഞിരുന്നു. ആ വിവാദം ഏതാണ്ടൊരു പരുവത്തില്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് തൃക്കാക്കര അങ്കം മുറുകിയത്.

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന തൃക്കാക്കരയില്‍, അവിടുത്തെ നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ വിശ്വാസം കണക്കിലെടുക്കാതെ ഏകപക്ഷീയമായി കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കം നടത്തുന്നെന്നാണ് ആക്ഷേപം. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ വീട് സന്ദര്‍ശിച്ച ശേഷം സ്ഥാനാര്‍ഥിയെ കുറിച്ച്‌ മാധ്യമങ്ങള്‍ക്ക് ചില സൂചന നല്‍കി. അതോടെ യുഡിഎഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ഡൊമനിക് പ്രസന്റേഷന്‍ പരസ്യമായി രംഗത്തെത്തി. പൊതുസമ്മതി കൂടി പരിഗണിച്ചാകണം സ്ഥാനാര്‍ഥി നിര്‍ണയമെന്ന് ഡൊമനിക് പ്രസന്റേഷന്‍ ചാനല്‍ ചര്‍ചയില്‍ അഭിപ്രായപ്പെട്ടു. കുടുംബവാഴ്ചയെ പിടി തോമസ് എന്നും എതിര്‍ത്തിരുന്നു എന്ന സൂചനയും അദ്ദേഹം നല്‍കി. പിടി തോമസിനുണ്ടായിരുന്ന 10 ലക്ഷം രൂപയുടെ കടം വീട്ടണമെന്ന് ആവശ്യപ്പെട്ട നേതാക്കളെ ആരെയും പണം കൊടുക്കാന്‍ പോയപ്പോള്‍ ക്ഷണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡലത്തിലെ പ്രധാനനേതാക്കളായ ഹൈബി ഈഡന്‍ എംപി, ടിജെ വിനോദ് എംഎല്‍എ, ഡൊമനിക് പ്രസന്റേഷന്‍, എന്‍ വേണുഗോപാല്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവരെ അറിയിക്കാതെയാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും പിടിയുടെ വീട്ടില്‍ പോയത്. പ്രതിപക്ഷനേതാവായ ശേഷം സതീശന്‍ ഐ ഗ്രൂപിലുള്ളവെയും അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അത് സൂചിപ്പിക്കുന്ന പ്രസ്താവന അടുത്തിടെ നടത്തിയിരുന്നു.

പാര്‍ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളേയും വിശ്വാസത്തിലെടുക്കാതെ നേതൃത്വം മുന്നോട്ട് പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് അണികളടക്കം മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വലിയ തിരിച്ചയില്‍ നിന്ന് കോണ്‍ഗ്രസിന് അല്‍പമെങ്കിലും ആശ്വാസം ലഭിക്കണമെങ്കില്‍ തൃക്കാക്കര കടന്നേ പറ്റൂ. ഇക്കാര്യം നേതൃത്വത്തിനും അറിയാമെങ്കിലും അവര്‍ അതിനനുസരിച്ച്‌ തീരുമാനമെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നില്ലെന്നാണ് പാര്‍ടി പ്രവര്‍ത്തകരുടെ ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button