മെക്സിക്കോയിൽ കനത്ത മഴയിൽ 44 മരണം

പോസറിക്ക : മെക്സിക്കോയിൽ ഞായറാഴ്ചയുണ്ടായ പേമാരിയിൽ മരിച്ചവരുടെ എണ്ണം 44 ആയി. രാജ്യത്തുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമായി ദുരിതം തുടരുകയാണ്. അടിയന്തര പ്രതികരണ പദ്ധതിക്ക് വേഗം കൂട്ടാൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ഉത്തരവിട്ടു.
ഞായറാഴ്ച വരെ, കനത്ത മഴയിൽ ഗൾഫ് തീരത്തെ വെരാക്രൂസ് സംസ്ഥാനത്ത് 18 പേരും മെക്സിക്കോ സിറ്റിയുടെ വടക്ക് ഭാഗത്തുള്ള ഹിഡാൽഗോ സംസ്ഥാനത്ത് 16 പേരും മരിച്ചു. മെക്സിക്കോ സിറ്റിയുടെ കിഴക്കുള്ള പ്യൂബ്ലയിൽ കുറഞ്ഞത് ഒമ്പത് പേർ മരിച്ചു. നേരത്തെ, മധ്യ സംസ്ഥാനമായ ക്വെറാറ്റാരോയിൽ, മണ്ണിടിച്ചിലിൽ കുടുങ്ങി ഒരു കുട്ടി മരിച്ചു.
1,000ത്തിലധികം വീടുകൾ, 59 ആശുപത്രികൾ, ക്ലിനിക്കുകൾ, 308 സ്കൂളുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കയും തകരുകയും ചെയ്തു. മെക്സിക്കോയുടെ നാഷണൽ കോർഡിനേഷൻ ഓഫ് സിവിൽ പ്രൊട്ടക്ഷൻ റിപ്പോർട്ടുകൾ പ്രകാരമാണ് കണക്കുകൾ.
വെരാക്രൂസിലും പ്യൂബ്ലയിലും നൂറുകണക്കിന് സൈനികരും പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണവും വൈദ്യസഹായവും നൽകാൻ താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിച്ചു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് നിവാസികൾ ഇപ്പോഴും വെള്ളത്തിന് നടുവിലാണ്. വൈദ്യുതി വിതരണവും തകരാറിലായി.
“ഞങ്ങൾ ആരെയും നിസ്സഹായരായി വിടില്ല,” എന്ന് പ്രസിഡന്റ് ഷെയിൻബോം സോഷ്യൽ മീഡിയയിൽ എഴുതി. മെക്സിക്കോയുടെ പടിഞ്ഞാറൻ തീരത്ത് വീശിയടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റുമായ റെയ്മണ്ടും ആണ് മാരകമായ മഴയ്ക്ക് കാരണമെന്ന് അധികൃതർ പറയുന്നു.
മെക്സിക്കോയുടെ കിഴക്കൻ തീരത്തിന് സമാന്തരമായി വ്യാപിച്ചുകിടക്കുന്ന പർവതനിരയായ സിയറ മാഡ്രെ ഓറിയന്റലാണ് ഏറ്റവും അധികം ദുരിതം ബാധിച്ചത്. ഹിഡാൽഗോ, പ്യൂബ്ല, ക്വെറെറ്റാരോ, വെരാക്രൂസ് എന്നിവിടങ്ങളിൽ വെള്ളം ഉയരുകയാണ്. 2025-ൽ ഉടനീളം മെക്സിക്കോയിൽ കനത്ത മഴയുണ്ടായി. തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ റെക്കോർഡ് മഴ പെയ്തു.