കേരളം

കാണുന്ന സിനിമയ്ക്ക് മാത്രം പണം-‘സി സ്‌പേസ്’ കേരളത്തിന്റെ സ്വന്തം ഒടിടി കൺതുറന്നു

ഇന്ത്യയിലെ ആദ്യ സര്‍ക്കാർ ഉടമസ്ഥതയിലുള്ള ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ് ഫോം കേരളത്തിൽ മിഴി തുറന്നു. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിലാണ് സി സ്പേസ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ 42 സിനിമകളാണ് പ്രദർശനത്തിനെത്തുക. ഇതിൽ 35 ഫീച്ചർ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്കാരങ്ങൾ നേടിയ ‘നിഷിദ്ധോ’, ‘ബി 32 മുതൽ 44 വരെ’ എന്നീ സിനിമകൾ സി സ്പേസ് വഴി സ്ട്രീം ചെയ്യും.

ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്റെ മുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സി സ്പേസിൽ 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഹ്രസ്വചിത്രങ്ങൾ കുറഞ്ഞ തുകയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക നിർമാതാവിന് ലഭിക്കും. മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് സി സ്പേസിന്റെ നിർവഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ചലച്ചിത്രപ്രവർത്തകരായ സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ വി ഉഷ, ബെന്യാമിൻ എന്നിവർ ഉൾപ്പെടെയുള്ള 60 അംഗ ക്യൂറേറ്റർ സമിതി കെഎസ്എഫ് ഡിസി രൂപീകരിച്ചിട്ടുണ്ട്. സി സ്പേസിലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്കാരികവുമായ മൂല്യം സമിതി അംഗങ്ങൾ വിലയിരുത്തും. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ. അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചവയും ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയതുമായ സിനിമകൾ ക്യൂറേറ്റ് ചെയ്യാതെ തന്നെ പ്രദർശിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button