ദേശീയം

കരൂര്‍ ദുരന്തം : മരണം 39 ആയി, മരിച്ചവരില്‍ 9 കുട്ടികളും 17 സ്ത്രീകളും; ടിവികെയ്‌ക്കെതിരെ കേസ്

ചെന്നൈ : തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 110 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച 38 പേരെ തിരിച്ചറിഞ്ഞു. കൂടുതലും കരൂര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ നടന്‍ വിജയ് യുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തി കേസെടുത്തു. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി പി മതിയഴകനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ ടിവികെ നേതാവ് വിജയ്‌ക്കെതിരെയും പൊലീസ് കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസിമുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിന്റെ ഇരകളുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ വിജയിയുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. പതിനായിരത്തോളം ആളുകളെ പ്രതീക്ഷിച്ച റാലിയിലേക്ക് മുപ്പതിനായിരത്തിലേറെ പേർ എത്തിയതാണ് വൻ തിരക്കിന് കാരണമായത്. തിക്കും തിരക്കുമേറിയതോടെയാണ് ആളുകൾ കുഴഞ്ഞു വീണും മറ്റുമാണ് അപകടമുണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പരിക്കേറ്റു ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button