ഹോങ്‌കോങ്ങിൽ ലാന്‍ഡിങ്ങിനിടെ ചരക്കുവിമാനം റൺവേയില്‍നിന്ന് തെന്നി കടലിൽ പതിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം

ഹോങ്‌കോങ് : ചരക്കുവിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്ന് തെന്നി കടലില്‍വീണ് അപകടം. വിമാനത്താവള ജീവനക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഹോങ്‌കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച പ്രാദേശികസമയം വൈകുന്നേരം 3.50 ഓടെയാണ് സംഭവം.
തുര്‍ക്കി വിമാനക്കമ്പനിയായ എസിടി എയര്‍ലൈന്‍സിന്റെ ദുബായില്‍നിന്നെത്തിയ ബോയിങ് 747 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം നോര്‍ത്തേണ്‍ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഗതിമാറിപ്പോവുകയും കടലിലേക്ക് വീഴുകയുമായിരുന്നു. വെള്ളത്തില്‍ പാതി മുങ്ങിയ നിലയില്‍, മുന്‍ഭാഗവും വാലറ്റവും വേര്‍പെട്ട് കിടക്കുന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വിമാനത്തില്‍ ചരക്ക് ഇല്ലായിരുന്നുവെന്നാണ് വിവരം.
വിമാനത്തിനുള്ളിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്താന്‍ സാധിച്ചെന്ന് ഹോങ്‌കോങ് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു. വിമാനം ഇടിച്ചതിനെ തുടർന്ന് റണ്‍വേയിലുണ്ടായിരുന്ന ഗ്രൗണ്ട് വെഹിക്കിള്‍ കടലിലേക്ക് വീണതോടെയാണ് ഹോങ്‌കോങ് വിമാനത്താവള ജീവനക്കാരായ രണ്ടുപേര്‍ മരിച്ചത്.
ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്കുനീക്ക വിമാനത്താവളമാണ് ഹോങ്‌കോങ്ങിലേത്. അപകടത്തിന് പിന്നാലെ ഇതിന്റെ നോര്‍ത്തേണ്‍ റണ്‍വേ തല്‍ക്കാലത്തേക്ക് അടച്ചു. സൗത്ത്, സെന്‍ട്രല്‍ റണ്‍വേകള്‍ പ്രവര്‍ത്തനം തുടരും.