മലപ്പുറത്ത് കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചു കയറി; 2 മരണം, 3 പേർക്ക് പരിക്ക്

മലപ്പുറം : തിരൂരങ്ങാടി തലപ്പാറ വലിയപറമ്പിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തൃശൂർ- കോഴിക്കോട് ദേശീയ പാതയിൽ വലിയപറമ്പിൽ വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.
പള്ളിയിൽ നിന്നു മതപഠനം കഴിഞ്ഞു മടങ്ങിയ 5 ദർസ് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. തിരൂർ തലക്കടത്തൂർ ജുമഅത്ത് പള്ളിയിലെ ദർസ് വിദ്യാർഥികളാണ് ഇവർ. വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവരാണ് മരിച്ചത്. വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24), താനൂർ പുത്തൻതെരു സ്വദേശ് അബ്ബാസ് (25) എന്നിവർക്കാണ് പരിക്കേറ്റത്.
കൊളപ്പുറം ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല.
ഉസ്മാൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ശാഹുൽ ഹമീദ് തിരൂരങ്ങാടി എംകെഎച് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ കോട്ടയ്ക്കലിലും തിരൂരങ്ങാടിയിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.