കൊളംബിയയില്‍ കാര്‍ ബോംബ് പൊട്ടിത്തെറിച്ചു; പിന്നാലെ ഹെലികോപ്ടറിന് നേരെ ഡ്രോണ്‍ ആക്രമണവും; 17 പേർ മരണം

ബൊഗോട്ട : കൊളംബിയയിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ കുറഞ്ഞത്17 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊളംബിയയിലെ പടിഞ്ഞാറൻ നഗരമായ കാലിയിലെ തിരക്കേറിയ ഒരു തെരുവിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ആറ് പേർ മരിക്കുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വടക്കുപടിഞ്ഞാറൻ നഗരമായ മെഡെലിന് പുറത്തുള്ള ഗ്രാമപ്രദേശത്ത് ഒരു പൊലീസ് ഹെലികോപ്റ്ററിന് നേരെയുണ്ടായ മറ്റൊരു ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
കൊളംബിയയിലെ റെവല്യൂഷണറി ആംഡ് ഫോഴ്സിലെ വിമതരാണ് രണ്ട് ആക്രമണത്തിലും പിന്നിലെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു.നടന്നത് ഭീകരാക്രമണമാണെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു.
കൊക്കൈനിന്റെ അസംസ്കൃത വസ്തുവായ കൊക്ക ഇല വിളകൾ ഇല്ലാതാക്കാൻ വടക്കൻ കൊളംബിയയിലെ ആന്റിയോക്വിയയിലെ പ്രദേശത്തേക്ക് പൊലീസുകാരുമായി പോയ ഹെലികോപ്ടറിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് 12 പേര് കൊല്ലപ്പെട്ടത്.ഹെലികോപ്ടര്‍ ആക്രമണത്തില്‍ എട്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.എന്നാല്‍ പിന്നീടാണ് നാലുപേര്‍ കൂടി മരിച്ചതായി അധികൃതര്‍ അറിയിച്ചത്. ഡ്രോൺ ഇടിച്ചതിനെ തുടർന്ന് ഹെലികോപ്റ്റർ നിലത്തുവീഴുകയും തീപിടിച്ചെന്നും കൊളംബിയൻ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ സജീവ മയക്കുമരുന്ന് കാർട്ടലായ ഗൾഫ് ക്ലാനിനെയാണ് ഹെലികോപ്റ്റർ ആക്രമണത്തിന് പിന്നിലെന്ന് പെട്രോ പറഞ്ഞു.ഇവരില്‍ നിന്ന് കൊക്കൈയന്‍ പിടിച്ചെടുത്തതിന്റെ പ്രതികാരത്തിലായിരുന്നു ഹെലികോപ്ടര്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിയിലെ കൊളംബിയൻ എയ്റോസ്പേസ് ഫോഴ്സിന് സമീപമുള്ള കാർ ബോംബ് ആക്രമണത്തിലെ പ്രതിയുടെ ഫോട്ടോ അധികൃതര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കാലിയിലെ കാർ ബോംബ് മാർക്കോ ഫിഡൽ സുവാരസ് മിലിട്ടറി ഏവിയേഷൻ സ്കൂളിനെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും ബോംബ് പൊട്ടിത്തെറിച്ച് നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തെന്നും ഒരു ദൃക്സാക്ഷി എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു.