അന്തർദേശീയം

അമിത് ഷായ്‌ക്കെതിരായ കാനഡ സര്‍ക്കാരിന്റെ ആരോപണം ആശങ്കപ്പെടുത്തുന്നത്: അമേരിക്ക

വാഷിങ്ടണ്‍ : കാനഡയിലെ സിഖ് വിഘടനവാദികള്‍ക്കെതിരായ നടപടികള്‍ക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന കാനഡയുടെ വെളിപ്പെടുത്തല്‍ ആശങ്കപ്പെടുത്തുന്നതെന്ന് അമേരിക്ക. ഈ വിഷയവുമായി ബന്ധപ്പെട്ട് കാനഡ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. യു എസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പ്രസിദ്ധീകരിച്ചത്.

കാനഡയിലെ സിഖ് വിഘടനവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ നടപടികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന വാര്‍ത്തയിലെ വിവരങ്ങള്‍ നല്‍കിയത് താനാണെന്ന് കാനഡ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കാനഡ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റിക്കു മുന്നില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയ സുരക്ഷ ഉപദേശക നതാലി ഡ്രൂയിനും മന്ത്രി ഡേവിഡ് മോറിസണും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ട് അതിക്രമങ്ങള്‍, രഹസ്യവിവര ശേഖരണം എന്നിവ നടക്കുന്നുവെന്നും ഇതിനു നിര്‍ദേശം നല്‍കിയത് അമിത് ഷായാണെന്നും വാഷിങ്ടന്‍ പോസ്റ്റ് ഈ മാസം 14 നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയിൽ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നതിന് കാനഡയുടെ പക്കല്‍ വിശ്വസനീയമായ തെളിവുകള്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാനഡയും കനേഡിയന്‍ ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button