വിസ നിയമങ്ങൾ കടുപ്പിച്ച് കാനഡ; ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും തിരിച്ചടി

ഒട്ടാവ : വിസ നിയമങ്ങളിൽ കാനഡ മാറ്റം വരുത്തിയതോടെ ആശങ്കയിലായി ഇന്ത്യൻ വിദ്യാർഥികളും തൊഴിലാളികളും. വലിയരീതിയിലുള്ള കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്. ഇത് ജോലിക്കും റെസിഡൻറ് പെർമിറ്റിനും അപേക്ഷിക്കുന്നവരെയടക്കം പ്രതികൂലമായി ബാധിക്കും.
വിദ്യാർഥികൾ, തൊഴിലാളികൾ, കുടിയേറ്റക്കാർ എന്നിവരുടെ വിസ സ്റ്റാറ്റസിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൻ കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം. ഫെബ്രുവരി ആദ്യം മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.
പുതിയ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ റെഗുലേഷൻസ് പ്രകാരം ഇലക്ട്രോണിക് യാത്രാ അനുമതികൾ, ഇടിഎകൾ, താൽക്കാലിക റസിഡന്റ് വിസകൾ അല്ലെങ്കിൽ ടിആർവികൾ പോലുള്ള താൽക്കാലിക റസിഡന്റ് രേഖകൾ നിരസിക്കാൻ കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. അതേമസയം, പെർമിറ്റുകളും വിസകളും നിരസിക്കുന്നതിന് ചില മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. അംഗീകൃത താമസ കാലാവധി കഴിഞ്ഞാൽ വ്യക്തി കാനഡ വിടുമെന്ന് ഒരു ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടില്ലെങ്കിൽ കാനഡയിൽ താമസിക്കുന്ന സമയത്ത് പോലും പ്രവേശനം നിരസിക്കാനോ പെർമിറ്റ് റദ്ദാക്കാനോ കഴിയും. അത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം പൂർണമായും ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
ഒരാളുടെ വിസ നിരസിക്കപ്പെട്ടാൽ അവരെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. കാനഡയിൽ പഠിക്കുകയോ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുമ്പോൾ പെർമിറ്റ് റദ്ദാക്കപ്പെട്ടാൽ ഒരു നിശ്ചിത തീയതിക്കകം രാജ്യം വിടാൻ അവർക്ക് നോട്ടീസ് നൽകും.
പുതിയ നിബന്ധനകൾ അനിശ്ചിതത്വത്തിന് വഴിയൊരുക്കുമെന്ന് വിദഗ്ധർ പറയുന്നു. ലക്ഷക്കണക്കിന് അന്താരാഷ്ട്ര വിദ്യാർഥികളെയും തൊഴിലാളികളെയുമാണ് ഇത് ബാധിക്കുക, പ്രത്യേകിച്ച് ഇന്ത്യക്കാരെ. സർക്കാർ കണക്കുകൾ പ്രകാരം കാനഡയിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളിൽ 4.2 ലക്ഷത്തിലധികം പേർ ഇന്ത്യക്കാരാണ്. കൂടാതെ ഇന്ത്യയിൽനിന്ന് വലിയ രീതിയിൽ സഞ്ചാരികളും കാനഡയിലേക്ക് വരുന്നുണ്ട്.
2024ലെ ആദ്യ ആറ് മാസങ്ങളിൽ കാനഡ 3.6 ലക്ഷത്തിലധികം ഇന്ത്യക്കാർക്കാണ് യാത്രാ വിസ നൽകിയത്. കനേഡിയൻ അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023-ലും വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ 3.4 ലക്ഷം വിനോദസഞ്ചാരികൾ ഇന്ത്യക്കാരായിരുന്നു.