ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡ

ഒട്ടോവ : ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡ. സെപ്തംബറിൽ ചേരുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തും.
എന്നാൽ ഹമാസിന്‍റെ പിന്തുണയില്ലാതെ അടുത്ത വർഷം നടക്കാൻ പോകുന്ന ഫലസ്തീനിയൻ അതോറിറ്റി തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചായിരിക്കും തുടര്‍നടപടികളെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.
ഇതോടെ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ജി 7 രാജ്യമായി കാനഡ. നേരത്തെ ഫ്രാൻസും പിന്നാലെ ബ്രിട്ടണും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.
ഗസ്സയിൽ സ്ഥിതിഗതികൾ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മാർക്ക് കാർണി പറഞ്ഞു. അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന ഈ മാനുഷിക ദുരന്തം തടയുന്നതിൽ ഇസ്രായേൽ സർക്കാർ പരാജയപ്പെട്ടു. അക്രമത്തിന് പകരം സമാധാനം തെരഞ്ഞെടുക്കുന്നവര്‍ക്കൊപ്പം നിൽക്കണമെന്നും കാർണി വ്യക്തമാക്കി.
ഗസ്സയിലെ പട്ടിണി അടിയന്തരമായി പരിഹരിക്കണമെന്നും സാധാരണക്കാര്‍ ഇങ്ങനെ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോ വ്യക്തമാക്കിയിരുന്നു.