അന്തർദേശീയം

പൗരത്വം നിയമം പരിഷ്കരിക്കാൻ ഒരുങ്ങി കാനഡ

ഓട്ടവ : വംശാവലി അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമം കനേഡിയൻ സർക്കാർ പരിഷ്കരിക്കുന്നു. പുതിയതായി അവതരിപ്പിക്കുന്ന ബിൽ സി–3 ആണ് പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത്. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങൾ, മുൻ നിയമങ്ങളാൽ ഒഴിവാക്കപ്പെട്ട ആളുകൾ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് പുതിയ ബിൽ എന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പറഞ്ഞു.

2009-ൽ അവതരിപ്പിച്ച ബിൽ പ്രകാരം, കാനഡയ്ക്കു പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികൾക്ക് പൗരത്വം ലഭിക്കണമെങ്കിൽ, മാതാപിതാക്കളിൽ ഒരാളെങ്കിലും കാനഡയിൽ ജനിച്ചവരാകണമായിരുന്നു. എന്നാൽ മാത്രമേ വംശാവലി അനുസരിച്ച് പൗരത്വം ലഭിക്കുമായിരുന്നുള്ളൂ. അതായത് 2009-ലെ നിയമം അനുസരിച്ച്, കനേഡിയൻ മാതാപിതാക്കൾ വിദേശത്ത് ജനിച്ചവരാണെങ്കിൽ, അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ കനേഡിയൻ പൗരന്മാരാകാൻ കഴിയില്ല. 2023 ഡിസംബറിൽ, ഒന്റാറിയോ സുപ്പീരിയർ കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. തുടർന്ന് ഫെഡറൽ സർക്കാർ തീരുമാനം അംഗീകരിക്കുകയും വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്നു തീരുമാനിക്കുകയുമായിരുന്നു.

പഴയ നിയന്ത്രണങ്ങൾ കാരണം പൗരത്വം ലഭിക്കാതെ പോയവർക്ക് ബിൽ സി-3 പ്രകാരം പൗരത്വം ലഭിക്കും. പുതിയ വ്യവസ്ഥ പ്രകാരം, വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയിൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ അവരുടെ കുട്ടിക്കും കനേഡിയൻ പൗരത്വം ലഭിക്കും. യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വ രീതികളുമായി സാമ്യമുള്ളതാണ് പുതിയ കനേഡിയൻ ബിൽ.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button