കാനഡയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്

വാൻകൂവർ : കാനഡയിൽ ഇന്ത്യൻ പൗരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് കുറ്റം ചുമത്തുകയും ചെയ്തതായി കോൺസുലേറ്റ് ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പ്രാദേശിക അധികാരികളുമായി അടുത്ത ബന്ധം പുലർത്തുമെന്നും മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നും കോൺസുലേറ്റ് ഉറപ്പുനൽകി.
കാനഡയിലെ എഡ്മിന്റണിലാണ് ഹർഷൻദീപ് സിംഗ്(20) എന്ന ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹർഷൻദീപിനെ മൂന്നംഗ സംഘം ചേർന്ന് ആക്രമിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ഹർഷൻദീപിനെ കോണിപ്പടിയിൽ നിന്ന് താഴേക്ക് തള്ളിയിടുകയും മറ്റൊരാൾ പിന്നിൽ നിന്ന് വെടിയുതിർക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഹർഷൻദീപ് സിംഗിനെ കോണിപ്പടിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ ഹർഷൻദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.