അന്തർദേശീയം

ഇസ്രായേലിന് ആയുധങ്ങൾ വിൽക്കാനുള്ള അനുമതികൾ റദ്ദാക്കി കാനഡ

ഒട്ടാവ: ഗസക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി ഇസ്രായേൽ. ഗസയിൽ നടക്കുന്ന കൊടുംക്രൂരതകളെയും മനുഷ്യത്വരഹിത പ്രവർത്തികളെയും ​കണ്ടുനിൽക്കാനാവില്ലെന്നും അതിനാൽ ഇസ്രായേലിന് ആയുധം വിതരണം ചെയ്യുന്നതിന് നിലവിലുള്ള 30 ഓളം പെർമിറ്റുകൾ റദ്ദാക്കുകയാണെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.

കനേഡിയൻ നിർമ്മിത ആയുധങ്ങളും യുദ്ധസാമഗ്രികളും ഗസയിൽ ഉപയോഗിക്കരുതെന്നാണ് നയമെന്ന് മെലാനി ​​ജോളി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിന് പുതിയ ആയുധ പെർമിറ്റുകൾ നൽകുന്നത് ജനുവരിയിൽ കാനഡ നിർത്തിവെച്ചിരുന്നു. എന്നാൽ മുമ്പ് നൽകിയ അനുമതികളുപയോഗിച്ച് ഇസ്രായേലിന് കാനഡയിൽ നിന്ന് ആയുധങ്ങൾ ലഭിച്ചിരുന്നു. ആ അനുമതികളാണ് കാനഡ റദ്ദാക്കിയത്.

‘ഞങ്ങളുടെ ആയുധങ്ങളോ ആയുധങ്ങളുടെ ഭാഗങ്ങളോ ഗസയിലേക്ക് അയയ്ക്കില്ല’ എന്നതാണ് ഞങ്ങളുടെ നയമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേലിന് ആയുധം വിതരണം നടത്തുന്ന മറ്റ് രാജ്യങ്ങളുമായുള്ള കരാറുകളും പുനഃപരിശോധിക്കാൻ ഉത്തരവിട്ടതായി വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. കാനഡ ഏറ്റവും കൂടുതൽ ആയുധ കയറ്റുമതി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. 2021 ൽ 26 മില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്തത്. 2022 ൽ 21 മില്യൺ ഡോളർ മൂല്യമുള്ള ആയുധങ്ങൾ കയറ്റുമതി ചെയ്തുവെന്നാണ് റിപ്പോർട്ട്. കാനഡയിൽ നിന്ന് ആയുധങ്ങൾ കയറ്റുമതിചെയ്യുന്ന ആദ്യ 10 രാജ്യങ്ങളിൽ ഇസ്രായേൽ ഇടംപിടിച്ചിട്ടുണ്ട്.

ഇസ്രായേലിന് പ്രതിവർഷം കോടിക്കണക്കിന് ഡോളർ സൈനിക സഹായം നൽകുന്ന അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ കാനഡയുടെ നടപടിയിൽ ഇസ്രായേലിന് കടുത്ത അമർഷമുണ്ട്. കാനഡയിൽ സജീവമായി ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടക്കുകയാണ്. സർവകലാശാലകളിലും രാഷ്ട്രീയ പരിപാടികളിലും ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലുമെല്ലാം ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടക്കുന്നത് സർക്കാരിന് മുകളിൽ കനത്തസമ്മർദ്ദമാണുണ്ടാക്കിയിരിക്കുന്നത്. ഇസ്രയേലിന് ആയുധം വിതരണം ചെയ്യുന്ന ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിയമനടപടികൾ നടക്കുകയാണ്.

നേരത്തെ വെസ്റ്റ് ബാങ്കിലെ അനധികൃത കൈയേറ്റത്തിലും ഫലസ്തീനികള്‍ക്കെതിരായ അതിക്രമത്തിലും ഇസ്രായേല്‍ നേതാക്കൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ജൂണിൽ കാനഡ ഉപരോധമേർപ്പെടുത്തിയിരുന്നു. ഏഴ് ഇസ്രായേല്‍ നേതാക്കള്‍ക്കും അഞ്ച് സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് ഉപരോധം ചുമത്തിയത്. വെസ്റ്റ് ബാങ്കിലെ പ്രധാന കുടിയേറ്റ കൂട്ടായ്മയായ അമാന മൂവ്‌മെന്റ്, കുടിയേറ്റ നേതാവ് ഡാനിയേല വീസ് എന്നിവര്‍ക്കെതിരെയെല്ലാം അന്ന് നടപടിയെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button