രണ്ടാം ദിനാവും തുടർന്ന് സംഘർഷം : മറ്റാരും ഇടപെടേണ്ടതില്ലെന്ന് തായ്‌ലൻഡ്; റോക്കറ്റ് പ്രയോഗിച്ച് കംബോഡിയ

സുറിൻ : തായ്‌ലൻഡ്- കംബോഡിയ അതിർത്തിയിലെ സംഘർഷം അഭയാർഥികളായ പതിനായിരക്കണക്കിന് പേർ. സംഘർഷം രണ്ടാം ദിവസവും തുടരുകയാണ്. 14 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതിർത്തി പ്രവിശ്യകളിൽ നിന്നായി 58,000 പേർ അഭയാർഥി കേന്ദ്രങ്ങളിലേക്ക് മാറിയതായി തായ് അധികൃതർ വ്യക്തമാക്കി. മേഖലയിൽ നിന്ന് 4,000 പേരെ ഒഴിപ്പിച്ചതായി കംബോഡിയ വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും സായുധ സംഘർഷത്തിൽ നിന്ന് പിന്മാറാത്ത സാഹചര്യത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം വിളിച്ചു ചേർക്കും. മലേഷ്യ വിഷയത്തിൽ മധ്യസ്ഥ ചർച്ചകൾക്കായി ഇരുരാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. അതേ സമയം വിഷയത്തിൽ മറ്റാരും ഇടപെടേണ്ടതില്ലെന്ന് തായ് വിദേശകാര്യ മന്ത്രാലയം വക്താവ് നികോൺഡേജ് ബാലാങ്കുര വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ മുതൽ അതിർത്തിയിൽ തായ് പ്രദേശങ്ങളായ ചോങ് ബോക്, ഫു മാഖുവിയ, അബോൺ രച്ചത്താനി പ്രവിശ്യ, ഫാനം ഡോങ് രാക് എന്നിവിടങ്ങളിലും താ മുവെൻ ക്ഷേത്രത്തിനു സമീപവും സംഘർഷമുണ്ടായി.
പുലർച്ച മുതൽ പ്രദേശത്ത് നിന്ന് വെടിവയ്പ്പിന്‍റെ ശബ്ദം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. കംബോഡിയൻ സൈന്യം തങ്ങൾക്കു നേരെ രൂക്ഷമായ വെടിവയ്പ്പ് നടത്തിയെന്നും റഷ്യൻ നിർമിത ബിഎം -21 റോക്കറ്റ് പ്രയോഗിച്ചുവെന്നുമാണ് തായ് സൈന്യം ആരോപിക്കുന്നത്.