അതിർത്തി സംഘർഷം : വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്‍ഡും

ന്യൂയോർക്ക് : അതിർത്തി സംഘർഷത്തിൽ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്‍ഡും. ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവരം സ്ഥിരീകരിച്ചു. കംബോഡിയൻ പ്രധാനമന്ത്രിയുമായും, തായ്‌ലൻഡ് ആക്ടിങ് പ്രധാനമന്ത്രിയുമായും സംസാരിച്ചതായി ട്രംപ് അറിയിച്ചു. സംഘർഷത്തിൽ ഇരുഭാഗത്തുമായി 33 പേരാണ് കൊല്ലപ്പെട്ടത്. 1,68,000 പേർ പലായനം ചെയ്തു. സംഘർഷത്തെ അപലപിച്ച യുഎൻ സമാധാനശ്രമങ്ങൾക്ക് ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.
കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ തായ്‌ലൻഡ് പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നു. ജനവാസപ്രദേശങ്ങൾ കംബോഡിയ ആക്രമിച്ചതായി തായ്‌ലൻഡ് ആരോപിച്ചിരുന്നു. തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തുവന്നിരുന്നു. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
ദീർഘനാളായി തുടരുന്ന അതിർത്തി തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം. 817 കിലോമീറ്റർ കര അതിർത്തി ഇരുരാജ്യങ്ങളും പങ്കിടുന്നുണ്ട്. കംബോഡിയയും തായ്‌ലൻഡും ലാവോസും കൂടിച്ചേരുന്ന എമറാൾഡ് ട്രയാംഗിൾ എന്ന പോയിന്റിനു സമീപമുണ്ടായ വെടിവയ്‌പ്പിൽ കഴിഞ്ഞ മേയിൽ കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. തായ്‌ലൻഡ് സൈന്യത്തിന്റെ ആക്രമണം പ്രതിരോധിക്കുകയാണ് തങ്ങൾ ചെയ്‌തതെന്ന് കംബോഡിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ കംബോഡിയയാണ് ആദ്യം ആക്രമിച്ചതെന്ന് തായ്‌ലൻഡ് സൈന്യം ആരോപിച്ചു.