കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇനി 28 ദിവസം മാത്രം

തിരുവനന്തപുരം : സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന് നടക്കും. മൂന്നിടത്തും നവംബര്‍ 23നാണ് വോട്ടെണ്ണല്‍.
കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 25 ആണ്. സൂക്ഷ്മ പരിശോധന 28ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 30 ആണ്. അതേസമയം പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റണമെന്ന കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന.
വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവുമെന്നാണ് സൂചമ. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്തും വിജയം എല്‍ഡിഎഫിനൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന്് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് യുഡിഎഫ് സമാവാക്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എംഎല്‍എ ആയിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എംഎല്‍എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.