ബസ് ചക്രം കാലിലൂടെ കയറി ഇറങ്ങി; പരിക്കേറ്റ യാത്രക്കാരി മരിച്ചു
തൃശൂര്‍ : വടക്കാഞ്ചേരി ഒന്നാംകല്ലില്‍ സ്വകാര്യബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഒന്നാം കല്ല് സ്വദേശി പുതുവീട്ടില്‍ നബീസ ആണ് മരിച്ചത്. 70 വയസായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ ഒന്നാംകല്ല് സെന്ററിലായിരുന്നു അപകടം.
വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് വയോധികയുടെ കാലിനു മുകളില്‍ കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു യാത്രക്കാരി. ബസ് മാറി കയറിയ വയോധിക, ബസില്‍ നിന്നിറങ്ങുന്നതിനിടെ വീഴുകയായിരുന്നു. വീണ വയോധികയുടെ കാലിനു മുകളിലൂടെ ബസിന്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങി.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് എടുത്തിട്ടുണ്ട്.