സൗദിയില്‍ വാഹനാപകടം : മലയാളി ഉള്‍പ്പെടെ 15 മരണം; 11 പേർക്ക് പരിക്ക്
ജിസാൻ : തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസിൽ ട്രക്ക് ഇടിച്ചുകയറി മലയാളി ഉള്‍പ്പെടെ 15 മരിച്ചു 11 പേർക്ക് പരിക്ക്.
മരണപ്പെട്ടവരില്‍ 9 പേർ ഇന്ത്യക്കാരാണ്. 3 നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും. ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളെ മാത്രമാണ് തിരിച്ചറിഞ്ഞത്. പരുക്കേറ്റ 11 പേരിൽ 9 പേരുടെ നില ഗുരുതരമാണ്. ഇവരിൽ 2 പേർ ഇന്ത്യക്കാരാണ്.
കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31) യാണ് മരണമടഞ്ഞ മലയാളി. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിൻറെയും രാധയുടെയും മകനാണ് വിഷ്ണു. കഴിഞ്ഞ മൂന്ന് വർഷമായി എ സി ഐ സി സർവ്വീസ് കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് വിഷ്ണു. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിംഗ് ദാമി, സക്‌ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ. ജുബൈലിലെ എസിഐസി കമ്പനി ജീവനക്കാർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ജിസാൻ അരാംകൊ റിഫൈനറി റോഡിൽ രാവിലെ ആറിനായിരുന്നു അപകടം.