കേരളം

തിരുവനന്തപുരത്ത് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

തിരുവനന്തപുരം : നെടുമങ്ങാട് കരകുളത്തെ എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്‌നിക് കോളജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോളജ് ഉടമ മുഹമ്മദ് അബ്ദുല്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. കോളജില്‍ ഉടമയുടെ മൊബൈല്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്റേത് ആകാമെന്ന് പൊലീസ് സംശയിക്കുന്നത്.

നെടുമങ്ങാട് മുല്ലശേരി വേങ്കോട് റോഡില്‍ സ്ഥിതി ചെയ്യുന്ന കോളജിലാണ് സംഭവം. രാത്രിയാണ് സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോളജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കടം വാങ്ങിയവര്‍ പണം തിരികെ ആവശ്യപ്പെട്ട് ഇന്നലെ ഉള്‍പ്പെടെ ബഹളം ഉണ്ടാക്കിയിരുന്നതായും ഇന്നലെ കോളേജ് പരിസരത്ത് അസീസിനെ കണ്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്കുശേഷമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാകുവെന്നും പൊലീസ് പറഞ്ഞു.

സമീപ കാലത്ത് ഏറെ പ്രതിസന്ധിയിലൂടെയാണ് കോളജ് കടന്നുപോകുന്നത്. എന്‍ജിനീയറിങ് കോളജിനുള്ള അക്രെഡിറ്റേഷന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പോളിടെക്‌നിക് കോളജ് ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം ഉടമയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button