സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് പ്രത്യക മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി
തിരുവനന്തപുരം : സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ഉടമയ്‌ക്കോ താമസക്കാരനോ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പൊളിക്കാന്‍ പാടില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
2024 നവംബര്‍ 13 ന് പുറപ്പെടുവിച്ച പൊളിക്കലുകളെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള സംസ്ഥാന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നോട്ടീസ് നല്‍കി 15 ദിവസത്തെ സാവകാശം അനുവദിക്കണം.പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് എല്ലാ പങ്കാളികളെയും അറിയിക്കാന്‍ അധികാരികള്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒരു കെട്ടിടം പൊളിക്കുകയാണെങ്കില്‍, നഷ്ടപരിഹാരം നല്‍കാനും പുനര്‍നിര്‍മ്മാണത്തിനുള്ള ചെലവുകള്‍ വഹിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്.
പൊളിക്കുന്നതിനുള്ള നോട്ടീസ് രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴി അയയ്ക്കണം. കെട്ടിട ഉടമയ്ക്ക് കോടതിയെ സമീപിക്കാന്‍ 15 ദിവസത്തെ സമയം നല്‍കണം. സ്വന്തം നിലയ്ക്ക് കെട്ടിടം പൊളിക്കാന്‍ ഉടമ തയ്യാറാണെങ്കില്‍ 15 ദിവസം കൂടി അനുവദിക്കണം. ഈ രണ്ട് നടപടികളും ഉടമ അവലംബിച്ചില്ലെങ്കില്‍, കെട്ടിടം പൊളിക്കാന്‍ കഴിയും. തദ്ദേശ സ്ഥാപനങ്ങള്‍ പൊളിക്കുന്നതിന് നോട്ടീസ് നല്‍കുമ്പോള്‍ ജില്ലാ കളക്ടറെ അറിയിക്കണം.
മൂന്ന് മാസത്തിനകം പൊളിക്കല്‍ നടപടികളുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന ഒരു വെബ് പോര്‍ട്ടല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആരംഭിക്കണം. പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ പോര്‍ട്ടലില്‍ സൗകര്യമൊരുക്കണം. കെട്ടിട ഉടമയുടെ ഭാഗവും കേള്‍ക്കണം.എന്തുകൊണ്ടാണ് ഉടമയുടെ ആവശ്യം നിരസിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കണം. പൊളിക്കുകയാണെങ്കില്‍, രണ്ട് സാക്ഷികളുടെ ഒപ്പ് ശേഖരിക്കുകയും നടപടിക്രമത്തിന്റെ ദൃശ്യങ്ങള്‍ രേഖപ്പെടുത്തുകയും റിപ്പോര്‍ട്ട് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.