അന്തർദേശീയം

400 സീറ്റ് മാർക്കും പിന്നിട്ട് ലേബർപാർട്ടി, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഋഷി സുനക്

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ തോല്‍വി സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറിനെ വിളിച്ച് അഭിനന്ദിച്ചതായി അദ്ദേഹം പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സുനക് പ്രതികരിച്ചു.ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ലേബര്‍ പാര്‍ട്ടി 400 സീറ്റും പിന്നിട്ടിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 110 സീറ്റിലേക്കു ചുരുങ്ങുകയായിരുന്നു. ലിബറല്‍ ഡെമോക്രാറ്റ്‌സ് 66 ഇടത്തും വിജയിച്ചിട്ടുണ്ട്.

”ലേബര്‍ പാര്‍ട്ടിയാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടിയിരിക്കുന്നത്. സര്‍ കെയര്‍ സ്റ്റാര്‍മറിനെ വിളിച്ച് വിജയത്തില്‍ അഭിനന്ദനം അറിയിച്ചു. സമാധാനപരമായും നടപടിക്രമങ്ങള്‍ പാലിച്ചും ഇന്ന് അധികാരം കൈമാറും. നമ്മുടെ രാജ്യത്തിന്റെ ഭാവിയിലും സുസ്ഥിരതയിലും നമുക്ക് ആത്മവിശ്വാസം നല്‍കുന്നതാണിത്. എന്നോട് ക്ഷമിക്കണം. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.”-സുനക് പറഞ്ഞു.14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് അന്ത്യംകുറിച്ചാണ് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുന്നത്. ഇന്നലെയായിരുന്നു ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 650 മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്.

ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 326 എന്ന മാന്ത്രിക സംഖ്യ ലേബര്‍ പാര്‍ട്ടി പിന്നിട്ടതായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഫലം പുറത്തുവരുമ്പോള്‍ ഋഷി സുനക് സ്വന്തം മണ്ഡലമായ റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തല്ലേര്‍ട്ടന്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം, രണ്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മന്ത്രിമാര്‍ പരാജയം നേരിട്ടു. പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ്, നീതിന്യായ സെക്രട്ടറി അലെക്‌സ് ചോക്ക് എന്നിവരെല്ലാം പരാജയപ്പെട്ടു. ലേബര്‍ പാര്‍ട്ടിയുടെ ആന്‍ഡ്ര്യൂ ലെവിനിനോടാണ് ഗ്രാന്‍റ് ഷാപ്സിന്‍റെ തോല്‍വി.

ഋഷി സുനകിന്റെ വിശ്വസ്തനാണ് ഗ്രാന്റ് ഷാപ്‌സ്. കഴിഞ്ഞ സര്‍ക്കാരില്‍ പ്രതിരോധത്തിനു പുറമെ ഊര്‍ജ, ഭവന, ഗതാഗത വകുപ്പുകളുടെ ചുമതലകളും വഹിച്ചത് അദ്ദേഹമായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ബെന്‍ വാലേയ്‌സിനു പകരക്കാരനായാണ് മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത്. ചെല്‍ട്ടന്‍ഹാമിലാണ് അലെക്‌സ് ചോക്ക് തോറ്റത്. ലിബറല്‍ ഡെമോക്രാറ്റ്‌സ് സ്ഥാനാര്‍ഥി മാക്‌സ് വില്‍കിന്‍സിനോടാണ് 2015 മുതല്‍ കൈയില്‍വച്ചിരുന്ന സീറ്റില്‍ ചോക്ക് അടിയറവു പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button