ഋഷി സുനക്കിന്റെ വിവാദ റുവാണ്ട പദ്ധതി റദ്ദാക്കി, കുടിയേറ്റക്കാർക്ക് അനുകൂലമായ നിർണായക തീരുമാനം പ്രഖ്യാപിച്ച് ലേബർ പാർട്ടി
ലണ്ടൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിവാദ റുവാണ്ട പദ്ധതി റദ്ദാക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്‌റ്റാർമാർ തീരുമാനിച്ചു. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ തീരുമാനമാണിത്. 2022 ജനുവരി ഒന്നിന് ശേഷം അനധികൃതമായി യുകെയിലേക്ക് കുടിയേറിയവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള കൺസർവേറ്റീവ് പാർട്ടി സർക്കാരിന്റെ പദ്ധതി വലിയ വിവാദമുണ്ടാക്കിയിരുന്നു. മുൻ പ്രധാനമന്ത്രി ഋഷി സുനകായിരുന്നു പദ്ധതി കൊണ്ടുവന്നത്.
റുവാണ്ട പദ്ധതി മരിച്ചതാണെന്നും തുടങ്ങും മുൻപേ ഒതുങ്ങിയതാണെന്നും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കിയേർ സ്‌റ്റാർമാർ പറഞ്ഞു. ഇത്തരം സൂത്രപ്പണികളുമായി മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വ്യക്‌തമാക്കിയിരുന്നു. ആയിരത്തിലേറെ ഇന്ത്യക്കാരെയും ബാധിക്കുന്നതായിരുന്നു റുവാണ്ട പദ്ധതി. 2023ൽ ആയിരത്തിലേറെ ഇന്ത്യക്കാർ യൂറോപ്പിൽ നിന്ന് ഇംഗ്ളീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ യുകെയിലേക്ക് കടന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതുവരെ പദ്ധതിക്കായി 3.2 കോടി പൗണ്ടാണ് (ഏകദേശം 3000 കോടിയോളം രൂപ) ബ്രിട്ടിഷ് സർക്കാർ ചിലവഴിച്ചത്.