സിറിയയിൽ ബ്രിട്ടൻ ഫ്രാൻസ് സംയുക്ത വ്യോമാക്രമണം

ദമാസ്കസ് : സിറിയയിലെ ചരിത്ര പ്രസിദ്ധമായ പാൽമിറ നഗരത്തിന് സമീപം ബ്രിട്ടൻ–ഫ്രാൻസ് സംയുക്ത വ്യോമാക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ആയുധശേഖര കേന്ദ്രമെന്ന് സംശയിക്കുന്ന ഭൂഗർഭ സങ്കേതം ലക്ഷ്യമാക്കിയാണ് നീക്കമെന്നാണ് വിശദീകരണം. ശനിയാഴ്ച വൈകുന്നേരമാണ് ബ്രിട്ടീഷ്, ഫ്രഞ്ച് യുദ്ധവിമാനങ്ങൾ സംയുക്ത വ്യോമാക്രമണത്തിന് തുടക്കമിട്ടത്.
സിറിയയിലെ മധ്യഭാഗത്തെ ഹോംസ് പ്രവിശ്യയിലെ പാൽമിറയ്ക്ക് വടക്കുള്ള മലനിരകളിലാണ് ബോംബർ വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം കേന്ദ്രീകരിച്ചത്. ഐഎസ് അംഗങ്ങൾ ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഭൂഗർഭ കേന്ദ്രവും അതിലേക്കുള്ള തുരങ്കങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് സംയുക്ത മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അവകാശപ്പെടുന്നു. ആക്രമണത്തെക്കുറിച്ച് സിറിയൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.
ആക്രമണത്തിൽ ബ്രിട്ടീഷ് വ്യോമസേനയുടെ ടൈഫൂൺ FGR4 യുദ്ധവിമാനങ്ങൾ പങ്കെടുത്തു. വോയേജർ റിഫ്യൂവലിംഗ് ടാങ്കർ വിമാനത്തിന്റെ പിന്തുണയോടെയാണ് ദൗത്യം പൂർത്തിയാക്കിയത്. ഫ്രഞ്ച് വ്യോമസേനയും ആക്രമണത്തിൽ പങ്കാളികളായി.
ഭൂഗർഭ കേന്ദ്രത്തിലേക്കുള്ള പ്രവേശന തുരങ്കങ്ങൾ ലക്ഷ്യമാക്കി ബ്രിട്ടീഷ് വ്യോമസേന തങ്ങളുടെ മാരകമായ പേവ്‌വേ IV ഗൈഡഡ് ബോംബുകൾ പ്രയോഗിച്ചതായും റിപ്പോർട് ഉണ്ട്.
കഴിഞ്ഞ മാസം പാൽമിറയ്ക്ക് സമീപം രണ്ട് യുഎസ് സൈനികരെയും ഒരു സാധാരണ അമേരിക്കൻ ഭടനെയും കൊലപ്പെടുത്തിയിരുന്നു.



