രാജ്യം വിടുമെന്ന ആശങ്ക; മുൻ പ്രസിഡന്റിനോട് ആംഗിൾ ടാഗ് ധരിക്കാൻ ഉത്തരവിട്ട് ബ്രസീൽ പൊലീസ്

ബ്രസീലിയ : ശിക്ഷ ഒഴിവാക്കാൻ ഒളിവിൽ പോകുമെന്ന ആശങ്കയെത്തുടർന്ന് മുൻ പ്രസിഡന്‍റ് ജെയർ ബോൽസൊനാരോയോട് ഇലക്ട്രോണിക് നിരീക്ഷണ ആംഗിൾ ടാഗ് ധരിക്കാൻ ബ്രസീൽ പൊലീസ് ഉത്തരവിട്ടു. ഒപ്പം വിദേശ നയതന്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനും രാത്രി വീട് വിട്ടിറങ്ങുന്നതിനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തി.
ഇത് അങ്ങേയറ്റം അപമാനകരമാണെന്നും രാജ്യം വിട്ടു പോകാൻ താൻ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ലെന്നും ബോൽസൊനാരോ പ്രതികരിച്ചു. 2022 ലെ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്‍റ് ലുല ഡ സിൽവയോട് പരാജയപ്പെട്ട ശേഷം അധികാരം പിടിച്ചെടുക്കാനുള്ള ബോൽസൊനാരോ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
വിചാരണ പുരോഗമിക്കുന്ന കേസിൽ താമസിയാതെ വിധി വരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. കേസിൽ കുറ്റക്കാരനാണെന്നു വിധിക്കപ്പെട്ടാൽ, വലതുപക്ഷ നേതാവായ ബോൽസൊനാരോ ഏതെങ്കിലും വിദേശ എംബസിയിൽ അഭയം തേടിയോ രാജ്യം വിട്ടോ തടവു ശിക്ഷയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമെന്നാണ് ആശങ്ക.
43 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ബോൽസൊരോയ്ക്കു മേൽ ചുമത്തിയിരിക്കുന്നത്. 2024 ഫെബ്രുവരിയിൽ പൊലീസ് പാസ്പോർട്ട് പിടിച്ചെടുത്തതിനെ തുടർന്ന് ബോൽസൊനാരോ ഹംഗേറിയൻ എംബസിയിൽ രണ്ട് രാത്രി ചെലവഴിച്ചിരുന്നു. ബോൽസൊനാരോയെ രക്ഷിക്കാൻ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബ്രസീലിനു മേൽ 50 ശതമാനം വ്യാപാര തീരുവ ചുമത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.