ഐക്യരാഷ്ട്രസഭയുടെ വാർഷിക കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബ്രസീൽ

ബ്രസീലിയ : ഐക്യരാഷ്ട്രസഭയുടെ വാർഷിക കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബ്രസീൽ. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് പിൻവാങ്ങിയതിനാൽ അമേരിക്ക ഇല്ലാതെയാണ് ഉച്ചകോടി അരങ്ങേറുക. ബ്രസീലിലെ തുറമുഖ നഗരമായ ബെലേം ആണ് കോപ് 30 എന്ന ചുരുക്കപ്പേരിൽ നവംബർ 10 മുതൽ 21 വരെ നടക്കുന്ന ഉച്ചകോടിക്ക് വേദിയാകുന്നത്. ചൈനയിൽനിന്ന് ഉപപ്രധാനമന്ത്രി ഡിങ് സ്യൂസിയാങ് ആണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വൊൺ ദേർ ലെയെൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ ലോകനേതാക്കളും പങ്കെടുക്കും. അമേരിക്കയുടെ അഭാവം കാലാവസ്ഥാ രാഷ്ട്രീയത്തിൽനിന്നുള്ള ആഗോള പിന്മാറ്റത്തിലേക്ക് വിരൽചൂണ്ടുന്നതായി നയതന്ത്രജ്ഞർ ആശങ്കപ്പെടുന്നു.



