കടമെടുപ്പ് പരിധി: കേരളത്തിന്റെ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാനായി മാറ്റി. ഹര്‍ജിയില്‍ സംസഥാനത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം പൂര്‍ത്തിയായി.
കേരളത്തിനായി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് ഹാജരായത്. കേന്ദ്രം നല്കിയ കണക്കുകളെ സംസ്ഥാനം എതിര്‍ത്തു. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രം സമര്‍പ്പിച്ച കണക്ക് കണ്ട് ഞെട്ടിയെന്നും ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന നിലപാടാണിതെന്നും കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ കേരളത്തിന്റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചടിച്ചു.അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാന്‍ അനുമതിക്ക് നിര്‍ദേശം നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണെന്നും സംസ്ഥാനം വാദിക്കുന്നു.
എന്നാല്‍ കേരളത്തിന്റേത് തെറ്റായ വാദങ്ങളാണെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ജിഎസ്ഡിപിയുടെ 4.64 ശതമാനം കേരളം കടമെടുത്തു. മറ്റ് ഒരു സംസ്ഥാനത്തിനും ഇല്ലാത്ത വാദമാണ് കേരളത്തിനെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. കൂടാതെ ജിഎസ്ടി നഷ്ടപരിഹാരം അവകാശമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.