ട്രംപിനെതിരെ മാരത്തണ്‍ പ്രസംഗത്തിലൂടെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് സെനറ്റര്‍

വാഷിങ്ടണ്‍ : ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ മാരത്തണ്‍ പ്രസംഗവുമായി ന്യൂ ജേഴ്‌സിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കര്‍. ശാരീരികമായി കഴിയുന്നിടത്തോളം താന്‍ ഇവിടെ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തിങ്കളാഴ്ച വൈകീട്ട് 55 കാരനായ ബുക്കര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന പ്രസംഗം 25 മണിക്കൂര്‍ അഞ്ച് മിനിറ്റ് നേരം നീണ്ടു നിന്നു.
സെനറ്റ് ചേമ്പറിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമെന്ന റെക്കോര്‍ഡ് ഇത് സ്വന്തമാക്കി. പ്രസംഗത്തിനിടെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് സഹപ്രവര്‍ത്തകരായ ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ ബുക്കറിന് ഇടവേളയെടുക്കാന്‍ സഹായിക്കുകയും ചെയ്തു. ഡെമോക്രാറ്റുകള്‍ക്ക് ചരിത്രപരമായ ആശ്വാസം നല്‍കുന്ന നേട്ടം കൂടിയായിരുന്നു ഇത്. 68 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസിലെ വര്‍ണവിവേചനം ഇല്ലായ്മ ചെയ്യുന്നതിനായുള്ള 1957 ലെ പൗരാവകാശ നിയമത്തിനെതിരെ സെനറ്റ് ഫ്‌ളോറില്‍ നിന്ന് മാറാതെ പ്രസംഗിച്ച സൗത്ത് കരോലിനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ സ്‌ട്രോം തര്‍മോണ്ടിന്റെ റെക്കോര്‍ഡാണ് ബുക്കര്‍ ഭേദിച്ചത്. അന്ന് 24 മണിക്കൂര്‍ 18 മിനിറ്റാണ് തെര്‍മോണ്ട് സെനറ്റ് വേദിയില്‍ പ്രസംഗിച്ചത്.
തെര്‍മൊണ്ടിന്റെ പ്രസംഗം വകവെക്കാതെയാണ് ഞാനിന്നിവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞ ബുക്കര്‍ അദ്ദേഹം എത്ര ശക്തനായിരുന്നോ അതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ശക്തരായതുകൊണ്ടാണ് താന്‍ ഇവിടെ നില്‍ക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു.
റെക്കോര്‍ഡ് പ്രസംഗത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ബുക്കറിനെ കാണാന്‍ യുഎസ് കോണ്‍ഗ്രസിലെ ആദ്യ കറുത്തവര്‍ഗക്കാരനായ നേതാവും ഡെമോക്രാറ്റിക് ഹൗസ് ലീഡറുമായ ഹക്കീം ജെഫ്രീസ് എത്തി. അവിശ്വസനീയമായം വിധം ശക്തമായ നിമിഷമെന്നാണ് ഹക്കീം ബുക്കറിന്റെ പ്രസംഗത്തെ വിശേഷിപ്പിച്ചത്. കാരണം ഒരു വിഘടനവാദിയുടെ റെക്കോര്‍ഡാണ് ബുക്കര്‍ തകര്‍ത്തതെന്നും ജനാധിപത്യത്തേയും അമേരിക്കന്‍ ജീവിത രീതിയേയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സംബന്ധിച്ച് അസാധാരണമായ സമയമാണിതെന്ന് പറഞ്ഞുകൊണ്ടാണ് ബുക്കര്‍ പ്രസംഗം ആരംഭിച്ചത്. അമേരിക്കന്‍ ജനതയ്ക്കും ജനാധിപത്യത്തിനും എതിരായ ഭീഷണികള്‍ക്കെതിരെ നിലകൊള്ളാന്‍ നമ്മള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും ബുക്കര്‍ പറഞ്ഞു.
ട്രംപിന്റെ രണ്ടാം ഭരണകൂടം ചുമതലയേറ്റത് മുതല്‍ സ്വീകരിച്ച നടപടികളെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു ബുക്കറിന്റെ പ്രസംഗം. ഗ്രീന്‍ലാന്‍ഡിനേയും കാനഡയേയും പിടിച്ചടക്കുമെന്ന തരത്തിലുള്ള പ്രസിഡന്റിന്റെ വാക്കുകള്‍ ഭരണഘടനാപരമായ പ്രതസിന്ധിക്കിടയാക്കിയെന്ന് ഘടകകക്ഷികളില്‍ നിന്നുള്ള കത്തുകള്‍ ചൂണ്ടിക്കാട്ടി ബുക്കര്‍പറഞ്ഞു. ട്രംപ് ഭരണകൂടവും ഇലോണ്‍ മസ്‌കിന്റെ എഫിഷ്യന്‍സി വകുപ്പും നടപ്പാക്കിയ സാമൂഹ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട മാറ്റങ്ങളെ ബുക്കര്‍ ശക്തമായി എതിര്‍ത്തു.
ആരോഗ്യരംഗം, സമ്പദ് വ്യവസ്ഥ, സാമൂഹ്യ സുരക്ഷ, കുടിയേറ്റം, വിദ്യാഭ്യാസം, സുരക്ഷ, ഭവനം, അഭിപ്രായ സ്വാതന്ത്ര്യം, വിദേശ നയം തുടങ്ങി എല്ലാ മേഖലകളിലേയും പ്രശ്‌നങ്ങളും ആശങ്കകളും അദ്ദേഹം സെനറ്റിന് മുന്നില്‍ ഉന്നയിച്ചു.