അന്തർദേശീയം
നൈജീരിയയിലെ ബോർണോയിൽ ബൊക്കോ ഹറാം ഭീകരർ 60ലേറെ ഗ്രാമീണരെ വെടിവെച്ചു കൊലപ്പെടുത്തി

അബൂജ : വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോയിൽ ബൊക്കോ ഹറാം ഭീകരർ 60ലേറെ ഗ്രാമീണരെ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഏഴു സൈനികരും ഉൾപ്പെടും.
വർഷങ്ങളായി അഭയാർത്ഥികളാക്കപ്പെട്ട ഗ്രാമീണർ അടുത്ത കാലത്താണു ബോർണോയിലെ ദാറുൽ ജമാൽ മേഖലയിൽ തിരികെയെത്തിയത്. വെള്ളിയാഴ്ച രാത്രി ഇവരുടെ താമസകേന്ദ്രങ്ങളിലേക്കു ബോക്കോ ഹറാം ഭീകരർ ഇരച്ചെത്തുകയായിരുന്നു. തുരുതുരാ വെടിയുതിർക്കുകയും വീടുകൾക്ക് തീകൊളുത്തുകയും ചെയ്തു.
ബൊക്കോ ഹറാം ഭീകരർ മേഖലയിൽ കേന്ദ്രീകരിക്കുന്ന കാര്യം സൈന്യത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു ഗ്രാമീണർ ആരോപിച്ചു. സ്ഥലത്തുണ്ടായിരുന്ന സൈനികരും ഓടിരക്ഷപ്പെടേണ്ടിവന്നു. 20ലേറെ വീടുകളും 10 ബസുകളും തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.