ഹണി റോസിന്റെ പരാതി : ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ
വയനാട് : ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഹണി റോസിന്റെ പരാതിലാണ് പൊലീസ് നടപടി. വയനാട്ടിൽ നിന്നുമാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്ട്രല് എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു ഹണി റോസിന്റെ പരാതി.
ബോബിക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തിരുന്നു. സ്ത്രീകൾക്കുനേരെ അശ്ലീല പരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്.ഉദ്ഘാടന ചടങ്ങിലായിരുന്നു ബോബി ചെമ്മണൂരിന്റെ അശ്ലീല പരാമർശം. തുടർന്ന് മറ്റൊരു ഉദ്ഘാടനത്തിന് ക്ഷണിച്ചെങ്കിലും നിരസിച്ചു. ഇതോടെ തുടർച്ചയായി അഭിമുഖത്തിൽ ഉൾപ്പെടെ മോശം പരാമർശങ്ങളുണ്ടായെന്നും പരാതിയിലുണ്ട്.
സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്നുകാട്ടി താരം നേരത്തേ നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ കുമ്പളം നോർത്ത് സതീശപുരം വീട്ടിൽ ഷാജിയെ (60) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹണിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ സ്ത്രീവിരുദ്ധ കമന്റിട്ട മുപ്പതോളംപേർക്കെതിരെ കേസെടുത്തു. ഇവരിൽ 20 പേരെ തിരിച്ചറിഞ്ഞു. എന്നാൽ, അറസ്റ്റുണ്ടായതോടെ പലരും കമന്റ് നീക്കി. ചിലർ നവമാധ്യമ അക്കൗണ്ടുതന്നെ നീക്കിയിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്ക് അധികൃതർക്ക് കത്ത് നൽകി.