അന്തർദേശീയം
കോംഗോയിൽ ഇന്ധനവുമായി പോയ ബോട്ടിനു തീപിടിച്ചു : 148 മരണം, മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

കിൻഷാസ : കോംഗോയിൽനിന്നു ഇന്ധനവുമായി പോയ ബോട്ടിനു തീപിടിച്ച് 148 പേർ മരിച്ചു. നൂറുകണക്കിന് ആളുകളെ കാണാതായി. എച്ച്ബി കൊംഗോളോ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് അഞ്ഞൂറോളം പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് വിവരം. റുക്കി – കോംഗോ നദിയുടെ സംഗമസ്ഥലമായ എംബണ്ടകയ്ക്ക് സമീപമാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്തിയ നൂറോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കപ്പലിൽ പാചകത്തിനിടെയുണ്ടായ തീയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളിൽ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. കോംഗോയിൽ ബോട്ട് അപകടങ്ങൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ കോംഗോയിലെ കിവു തടാകത്തില്‍ ബോട്ട് മറിഞ്ഞ് 78 പേര്‍ മുങ്ങി മരിച്ചിരുന്നു.