കെനിയയിൽ ബോർഡിംഗ് സ്കൂളിൽ തീപിടിത്തം; 17 കുട്ടികൾക്ക് ദാരുണാന്ത്യം
നയ്റോബി : സെൻട്രൽ കെനിയയിലെ ബോർഡിംഗ് സ്കൂളിന്റെ ഡോർമെറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 കുട്ടികൾക്ക് ദാരുണാന്ത്യം. 14 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
നയേരി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിലാണ് തീപിടിത്തമുണ്ടായത്. അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ബോർഡിംഗ് സ്കൂളിലുണ്ടായിരുന്നത്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പോലീസ് വക്താവ് റെസില ഒനിയാംഗോ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നതിനായി സിഐഡി ഡെപ്യൂട്ടി ഡയറക്ടർ ജോൺ ഒൻയാങ്കോ, ഹോമിസൈഡ് ഡയറക്ടർ മാർട്ടിൻ ന്യുഗുട്ടോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ വിന്യസിച്ചു.
സ്കൂളിൽ അഗ്നിബാധയുണ്ടായത് ഞെട്ടലുണ്ടാക്കിയെന്നും സമഗ്ര അന്വേഷണത്തിന് ഉത്തരവിടുന്നതായും കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ എക്സിൽ കുറിച്ചു.
വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്കൂളില്‍ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ്ക്രോസ് അറിയിച്ചു.
കെനിയന്‍ ബോർഡിംഗ് സ്കൂളുകളില്‍ നേരത്തേയും തീപിടിത്തമുണ്ടായിട്ടുണ്ട്. 2017ല്‍ തലസ്ഥാനമായ നയ്റോബിയിലെ മോയി ഗേള്‍സ് ഹൈസ്കൂളിലുണ്ടായ തീപിടിത്തത്തില്‍ 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു.