മാൾട്ടീസ് ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി ബ്ലഡ് മൂണ്‍ ദൃശ്യമായി

ചുവന്ന ചന്ദ്രനെ ആവോളം ദർശിച്ച് മാൾട്ടീസ് ജനത. മെഡിറ്ററേനിയൻ കടലിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായ ഇന്നലെ രാത്രിയാണ് മാൾട്ടീസ് നക്ഷത്ര നിരീക്ഷകർക്ക് ഒരു മണിക്കൂറോളം സമയം “രക്ത ചന്ദ്രനെ ” കാണാൻ കഴിഞ്ഞത്. കുറഞ്ഞ മഴയുള്ള നല്ല കാലാവസ്ഥയായതിനാൽ ചുവപ്പും ചെമ്പ് നിറവും ഉള്ള പൂർണ ചന്ദ്രനെ കാണാൻ ഇവർക്കുമായി.
ഏകദേശം 7:17 ന് ഉദിച്ച ചന്ദ്രൻ തൊട്ടുപിന്നാലെ തന്നെ ഗ്രഹണ ഘട്ടത്തിലേക്ക് പ്രവേശിച്ചു. രാത്രി 7:30 ന് ആരംഭിച്ച് രാത്രി 8:11 വരെ പൂർണ്ണ ഗ്രഹണം ദൃശ്യമായി. രാത്രി 8:52 ഓടെ ചന്ദ്രഗ്രഹണം പൂർണമായപ്പോൾ ഏകദേശം ഒരു മണിക്കൂറിലധികമാണ് കടും ചുവപ്പിലുള്ള ചന്ദ്രന്റെ നാടകീയമായ പരിവർത്തനം നിരീക്ഷിക്കാനായത്. ഗ്രഹണ സമയത്ത് ചക്രവാളത്തിൽ ചന്ദ്രന്റെ താഴ്ന്ന സ്ഥാനമായിരുന്നു’ മാൾട്ടീസ് നിരീക്ഷകർക്കുള്ള പ്രധാന വെല്ലുവിളി. ഏറ്റവും മികച്ച കാഴ്ചഉറപ്പാക്കാൻ, കിഴക്ക് മുതൽ തെക്ക്-കിഴക്ക് ചക്രവാളത്തിന്റെ തടസ്സങ്ങളില്ലാത്ത കാഴ്ചകളുള്ള സ്ഥലങ്ങളിലേക്ക് പോകുക എന്ന നിർദേശം പ്രാവർത്തികമാക്കിയവർക്ക് മികച്ച ചാന്ദ്ര ഗ്രഹണക്കാഴ്ച ലഭിച്ചു. മാൾട്ടയുടെയും ഗോസോയുടെയും കിഴക്കൻ തീരപ്രദേശങ്ങൾ, വല്ലെറ്റയുടെ കിഴക്കൻ വശം, മാർസസ്കലയ്ക്ക് ചുറ്റുമുള്ള പാറക്കെട്ടുകൾ, ഗോസോയുടെ കിഴക്കൻ പ്രൊമോണ്ടറികൾ തുടങ്ങിയ സ്ഥലങ്ങളിൽ കെട്ടിടങ്ങൾക്കും ഭൂപ്രകൃതിക്കും മുകളിൽ മികച്ച നിലയിൽ ചന്ദ്ര ഗ്രഹണം ദൃശ്യമായി. .സൂര്യഗ്രഹണങ്ങളിൽ നിന്ന് വ്യത്യസ്തമായി, നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാവുന്നതാണ് ചന്ദ്ര ഗ്രഹണം.