കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 1.42 കോടി രൂപ ,ഫേസ്ബുക്കിലും ഇൻസ്റ്റയിലുമായി പണം വാരിയെറിയുകയാണ് ബിജെപി
ഇതാദ്യമായാണ് മെറ്റ തങ്ങളുടെ രാഷ്ട്രീയ പരസ്യ ദാതാക്കളുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത്.
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യങ്ങള്‍ നല്‍കുന്ന കാര്യത്തിൽ ബി ജെ പി ഇന്ത്യയിലെ മറ്റു പാര്‍ട്ടികളെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് ഈ രണ്ട് പ്‌ളാറ്റ്‌ഫോമുകളുടെയും മാതൃകമ്പനിയായ മെറ്റ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതാദ്യമായാണ് മെറ്റ തങ്ങളുടെ രാഷ്ട്രീയ പരസ്യ ദാതാക്കളുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത്.
ഇപ്പോള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ കണ്ടന്റുകള്‍ പരസ്യങ്ങള്‍ എന്ന നിലയിലെ ഉപഭോക്താക്കളിലേക്ക് എത്തൂ . നേരത്തെ ഇത്തരം കണ്ടന്റുകള്‍ പരസ്യങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നില്ല പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും, ബ്രക്‌സിറ്റിലും ഉണ്ടായ വിവാദങ്ങള്‍ മൂലം രാഷ്ട്രീയ കണ്ടന്റുകള്‍ ഇനി സ്‌പോണ്‍സേര്‍ഡ് പരസ്യങ്ങള്‍ എന്ന രീതിയില്‍ തന്നെ ഫേസ് ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നല്‍കിയാല്‍ മതിയെന്ന് മെറ്റ തിരുമാനിക്കുകയായിരുന്നു. മാത്രമല്ല പരസ്യദാതാക്കളുടെ പൂര്‍ണ്ണ വിവരങ്ങളും മെറ്റ ലൈബ്രറി റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായി . രാഷ്ട്രീയ കണ്ടന്റുകളിലെ സുതാര്യത ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇവ പരസ്യങ്ങളായി നല്‍കാന്‍ മെറ്റ തിരുമാനിച്ചത് .
ഈ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് അച്ചടി-ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമങ്ങളിലെന്ന പോലെ തന്നെ ഫേസ് ബുക്ക്- ഇന്‍സ്റ്റാഗ്രാം പരസ്യങ്ങളിലും ഇന്ത്യയില്‍ ബി ജെ പി തന്നെയാണ് മുന്നില്‍ എന്ന് വ്യക്തമായത്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കെടുത്ത് നോക്കുമ്പോള്‍ ( 25 നവംബര്‍ മുതല്‍ 25 ഫെബ്രുവരി വരെ) ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യങ്ങള്‍ നല്‍കാന്‍ ബിജെപി ചിലവഴിച്ചത് 5.81 കോടി രൂപയാണ്. ബിജെപിയുടെ മറ്റു സംഘടനകള്‍ ഇതിനായി ചിലവഴിച്ച തുകയുടെ കണക്ക് ഇതിനോടൊപ്പം ചേര്‍ത്തിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 1.42 കോടി രൂപയാണ് ഫേസ് ബുക്ക് ഇന്‍സ്റ്റാഗ്രാം പരസ്യങ്ങള്‍ക്കായി ബി ജെ പി ചിലവഴിച്ചിരിക്കുന്നത്. ബി ജെ പിയുടെ നിരവധി അനുബന്ധ സംഘടനകളും ഇത്തരത്തില്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ ചിലവഴിച്ചിട്ടുണ്ട്.
അതേ സമയം മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ബി ജെ പിയുടെ അടുത്തെത്താന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് 3.39 ലക്ഷം രൂപയും രാഹുല്‍ഗാന്ധി 4.17 ലക്ഷം രൂപയുമാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പരസ്യങ്ങള്‍ക്ക് ചിലവഴിച്ചത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ പ്രമുഖനായ മലയാളി നേതാവ് കെ സി വേണുഗോപാല്‍ 1.79 ലക്ഷം രൂപയും ഇതിനായി ചിലവഴിച്ചിട്ടുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകളും, വ്യക്തികളും സംഘടനകളും ഇത്തരത്തില്‍ പരസ്യങ്ങള്‍ക്കായി പണം ചെലവഴിച്ചവരില്‍ പെടുന്നു. പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കേവലം രണ്ടാഴ്ചയിൽ താഴെ മാത്രമേ ഇനിയുള്ളു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ച പണത്തിന്റെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കും എന്നത് കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അനുബന്ധ സംഘടനകളിലൂടെയായിരിക്കും ഇത്തരത്തില്‍ പരസ്യങ്ങള്‍ കൂടുതലായി നല്‍കുന്നത്.
ഒഡീഷ സര്‍ക്കാര്‍, വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ വകുപ്പുകള്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍, രാഷ്്ട്രീയ കക്ഷികളുടെ പോഷക സംഘടനകള്‍ എന്നിവരാണ് കൂടുതലായും ഫേസ് ബുക്ക് – ഇന്‍സ്റ്റാഗ്രാം പ്‌ളാറ്റ് ഫോമുകളിലൂടെ ഇത്തരം പരസ്യങ്ങള്‍ നല്‍കിയിരിക്കുന്നത്