കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടി; പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്
തൃശൂര്‍ : കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടിയെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. പണം കൊടുത്തുവിട്ടത് കര്‍ണാടകയിലെ ബിജെപി എംഎല്‍സി അടക്കമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2021ല്‍ തെരഞ്ഞെടുപ്പ് സമയത്ത് ധര്മ്മരാജന് വഴിയാണ് ഹവാലപ്പണം കേരളത്തിലേക്ക് എത്തിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് പണമെത്തിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
14.4 കോടി കര്‍ണാടകയില്‍ നിന്നും എത്തിയപ്പോള്‍, മറ്റ് ഹവാല റൂട്ടുകളിലൂടെയാണ് 27 കോടി എത്തിയത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7 കോടി 90 ലക്ഷം രൂപയാണ്. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ വിതരണം ചെയ്തത് 33.50 കോടി രൂപയാണ്. പണം എത്തിയ ഹവാല റൂട്ടുകളുടെ പട്ടികയും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വി കെ രാജു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, എം ഗണേശന്, ഗിരീശന് നായര്‍ എന്നിവരാണ്. എം ഗണേശന് ബിജെപി സംഘടനാ സെക്രട്ടറിയും ഗിരീശന് നായര്‍ ഓഫീസ് സെക്രട്ടറിയുമാണ്. പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരന് ധര്‍മ്മരാജനാണ് മൊഴി നല്‍കിയത്. 2021 ല്‍ പൊലീസ് ഇഡിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.
അതേസമയം കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന് പറഞ്ഞു. തനിക്ക് അറിവുള്ള എല്ലാക്കാര്യങ്ങളും അന്വേഷണ സംഘത്തോട് പറയും. നേരത്തെ നല്കിയ മൊഴി നേതാക്കള്‍ പറഞ്ഞു പഠിപ്പിച്ചതാണ്. ചാക്കില്‍ തെരഞ്ഞെടുപ്പ് സാമഗ്രികളാണെന്ന് മൊഴി നല്കാന് നിര്‍ദേശിച്ചത് നേതാക്കളാണ്. ചാക്കില്‍ നിന്നും പണം എടുക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും തിരൂര്‍ സതീശന് വ്യക്തമാക്കി.