‘ട്രംമ്പ് കുടിയേറ്റക്കാരോടും ട്രാൻസ്‌ജെൻഡറുകളോടും കരുണ കാണിക്കണം’ : ബിഷപ്പ് മരിയൻ എഡ്ഗർ ബുഡ്ഡെ
ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർത്ഥനാ ചടങ്ങിനിടെ ട്രംപിനോട് ബിഷപ്പിന്റെ അഭ്യർഥന.
കുടിയേറ്റക്കാരോടും ട്രാൻസ്ജെൻഡർ സമൂഹത്തോടും കരുണ കാണിക്കണമെന്നതായിരുന്നു ബിഷപ്പിന്റെ അഭ്യർഥന. വാഷിങ്ടൺ എപ്പിസ്കോപ്പൽ ബിഷപ്പ് മരിയൻ എഡ്ഗർ ബുഡ്ഡെയാണ് ട്രംപിനെ ഇരുത്തി ഇക്കാര്യം പറഞ്ഞത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ബിഷപ്പ് അഭ്യർഥന നടത്തിയപ്പോൾ സദസ്സിന്റെ മുൻനിരയിൽ വളരെ ഗൗരവം നിറഞ്ഞ മുഖഭാവത്തോടെയായിരുന്നു ട്രംപ് ഇരുന്നത്. ഭാര്യ മെലാനിയായും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഒപ്പമുണ്ടായിരുന്നു.
” നമ്മുടെ ദൈവത്തിന്‍റെ നാമത്തിൽ, രാജ്യത്ത് ഇപ്പോൾ ഭയപ്പെടുന്ന ആളുകളോട് കരുണ കാണിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നമ്മുടെ കുടുംബങ്ങളിൽ സ്വവർഗ്ഗാനുരാഗികളും ലെസ്ബിയൻ, ട്രാൻസ്‌ജെൻഡർ കുട്ടികളും ഉണ്ട്.
കുടിയേറ്റക്കാർ എല്ലാവരും കുട്ടികളല്ല, നമ്മുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവരും ഓഫീസ് കെട്ടിടങ്ങൾ വൃത്തിയാക്കുന്നവരും കോഴി ഫാമുകളിലും ഇറച്ചി പാക്കിങ് പ്ലാന്‍റുകളിലും ജോലി ചെയ്യുന്നവരും ഭക്ഷണശാലകളിൽ പാത്രങ്ങൾ കഴുകുന്നവരും ആശുപത്രികളിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരും, അവർ രേഖകളുള്ള പൗരന്മാരായിരിക്കണമെന്നില്ല. കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും കുറ്റവാളികളല്ല. അപരിചിതരോട് കരുണ കാണിക്കണമെന്ന് നമ്മുടെ ദൈവം പഠിപ്പിക്കുന്നു. എന്തെന്നാൽ, നമ്മൾ എല്ലാവരും ഈ നാട്ടിൽ അപരിചിതരായിരുന്നു”’- ഇങ്ങനെയായിരുന്നു -ബിഷപ് എഡ്‌ഗർ ബുഡ്ഡേയുടെ വാക്കുകള്‍.
പിന്നീട് പ്രാർഥനാ ചടങ്ങുകളെക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകരോടു പ്രാർഥനാ ചടങ്ങ് അത്ര നന്നായതായി തോന്നിയില്ലെന്നും മടുപ്പ് തോന്നിപ്പിച്ചെന്നുമായിരുന്നു ട്രംപിന്റെ മറുപടി.