ദേശീയം

ഒഴിവായത് വൻ ദുരന്തം; ഹൈദരാബാദിൽ ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ പക്ഷി ഇടിച്ചു

ഹൈദരാബാദ് : ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ പക്ഷി ഇടിച്ചു. ഇന്ന് രാവിലെ ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ജയ്പൂരിൽ നിന്നുള്ള ഇൻഡിഗോയുടെ 6 ഇ 816 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. തകരാറ് ഉടനടി തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം നിയന്ത്രിച്ച് കൃത്യമായി ലാൻഡ് ചെയ്യുകയായിരുന്നു. പൈലറ്റിന്റെ മനസാന്നിധ്യം മൂലമാണ് വൻ അപകടം ഒഴിവായത്.

വലിയ ശബ്ദം ക്യാബിനുള്ളിൽ കേട്ടുവെന്നും പിന്നാലെ വിമാനം വിറയ്ക്കാൻ ആരംഭിച്ചുവെന്നുമാണ് അപകടത്തേക്കുറിച്ച് യാത്രക്കാർ പ്രതികരിക്കുന്നത്. അപകടം കൂടാതെ ലാൻഡ് ചെയ്യിച്ച പൈലറ്റിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് യാത്രക്കാർ. സംഭവത്തിൽ യാത്രക്കാർക്കോ വിമാന കമ്പനി ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.

സംഭവത്തിന് പിന്നാലെ എയർപോർട്ട് അധികൃതർ റൺവേയിൽ പരിശോധന നടത്തി. സാങ്കേതികമായ അറ്റകുറ്റ പണികൾക്കായി വിമാനം ഹാംഗറിലേക്ക് മാറ്റി. അൾട്രാ സോണിക് ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ, സൈറണുകൾ അടക്കമുള്ളവ ഉപയോ​ഗിച്ച് പക്ഷികളെ നിയന്ത്രിക്കാനുള്ള പ്രത്യേക വിഭാഗം സജീവമായി പ്രവർത്തിക്കുന്നുവെങ്കിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്നാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button