കേരളം

ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് നാല് പഞ്ചായത്തുകളില്‍

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി ഭീതി. ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കാടയിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 6-ാം വാര്‍ഡില്‍ കോഴിയിലും കരുവാറ്റ പഞ്ചായത്ത് ഒന്നും രണ്ടും വാര്‍ഡുകളിലും പള്ളിപ്പാട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ താറാവിലും ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ ജില്ലയിലെ 9 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ വളര്‍ത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ നടക്കും. നാല് പഞ്ചായത്തുകളിലായി മൊത്തം 13785 വളര്‍ത്തു പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രഭവ കേന്ദ്രങ്ങള്‍ക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേക്ക് ജില്ലാ കലക്ടര്‍ നിരോധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button